23
Aug 2022
Thu
23 Aug 2022 Thu

​ഗോവയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ ബിജെപി വനിതാനേതാവിന്റേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടംറിപോർട്ട്. ഹരിയാനയിലെ ബിജെപി നേതാവും മോഡലുമായ സോനാലി ഫോ​ഗട്ടിന്റെ മരണമാണ് കൊലപാതകമെന്നു വ്യക്തമായത്. മൃതദേഹത്തിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ട് ഏൽപ്പിച്ച മുറിവുകൾ കണ്ടെത്തിയെന്നു പോസ്റ്റ്മോർട്ടം റിപോർട്ടിൽ പറയുന്നു. ഇതോടെ പൊലീസ് കൊലപാതകകേസ് രജിസ്റ്റർ ചെയ്തു. നേതാവിന്റെ സഹായി സുധീർ സാങ് വാൻ, ഇയാളുടെ സുഹൃത്ത് സുഖ് വീന്ദർ വാസി എന്നിവർക്കെതിരേയാണ് കേസെടുത്തത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സോനാലി ഫോ​ഗട്ടിന്റെ സഹോദരൻ റിങ്ക ധാക നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരേ പൊലീസ് കേസെടുത്തത്. കേസിൽ അന്വേഷണം നടത്താൻ പൊലീസിന് സർവസ്വാതന്ത്ര്യവുമുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 

 

ഈ മാസം 22നാണ് സോനാലി ഫോ​ഗട്ട് ​ഗോവയിലെത്തിയത്. ഇവിടുത്തെ ഹോട്ടലിൽ തങ്ങിയിരുന്ന സോനാലി തിങ്കളാഴ്ച രാത്രി ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും ചൊവ്വാഴ്ച രാവിലെയും അസ്വസ്ഥത തോന്നിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നുമാണ് ​ഗോവ പൊലീസ് നേര്തതേ വ്യക്തമാക്കിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപോർട്ടിലാണ് ശരീരത്തിലെ മുറിവുകളെക്കുറിച്ച് പ്രതിപാദിച്ചത്. 

 

സുധീർ സാങ് വാൻ മുമ്പ് സോനാലിയെ ബലാൽസം​ഗം ചെയ്തിരുന്നുവെന്ന് കുടുംബം ആരോപിച്ചു. തന്റെ സഹായിയുടെ മോശം പെരുമാറ്റത്തിനെതിരേ സോനാലി അമ്മയോട് പരാതിപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു. സോനാലിയുടെ വീഡിയോ പുറത്തുവിടുമെന്ന ഭീഷണിയും സുധീർ സാങ് വാൻ മുഴക്കിയിരുന്നതായും സോനാലിയുടെ സഹോദരൻ റിങ്കു ധാക പരാതിയിൽ പറയുന്നുണ്ട്. തിങ്കളാഴ്ച രാത്രി സോനാലി വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. സുധീർ സാങ് വാൻ ഭക്ഷത്തിൽ മയക്കുമരുന്ന് നൽകിയിരുന്നുവെന്നും തുടർന്ന് ബലാൽസം​ഗം 
ചെയ്യുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നും ഇതു പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും റിങ്കു രാജിന്റെ പരാതിയിൽ പറയുന്നുണ്ട്.