തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗ രാജന്റെ വാഹനത്തിന് നേരെ ബിജെപി പ്രവർത്തകർ ചെരിപ്പെറിഞ്ഞതിൽ പ്രതിഷേധിച്ച് ബിജെപി മധുരൈ ജില്ലാ പ്രസിഡന്റ് പി ശരവണൻ രാജിവച്ചു. സംഭവത്തിൽ ധനമന്ത്രിയെ കണ്ട് മാപ്പ് പറഞ്ഞതിനു പിന്നാലെയായിരുന്നു ശരവണന്റെ രാജിപ്രഖ്യാപനം.
|
അതേസമയം ശരവണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബിജെപി പ്രസ്താവനയിറക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിനും പാർട്ടിയുടെ പേരിന് അപകീർത്തി വരുത്തിയതിനുമാണ് ബിജെപി മധുരൈ ജില്ലാ പ്രസിഡന്റ് ശരവണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ശനിയാഴ്ച മധുര ജില്ലയിൽ കൊല്ലപ്പെട്ട ഇന്ത്യൻ ആർമി ജവാന് ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങുകയായിരുന്ന പളനിവേൽ ത്യാഗ രാജന്റെ കാർ തടയുകയും മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന് നേരെ ചെരുപ്പ് എറിയുകയുമായിരുന്നു . രക്തസാക്ഷിക്ക് ആദരാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിച്ച സർക്കാർ പരിപാടിയിൽ പാർട്ടിക്കാർ എന്തിനാണ് വന്നതെന്ന് ചോദിച്ചതിനെത്തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന മന്ത്രിയും ബിജെപി പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. അതിനു ശേഷമാണ് ചെരിപ്പേറ് നടന്നത്.
ഡിഎംകെയിൽ നിന്ന് ഒരുവർഷം മുമ്പാണ് പി ശരവണൻ ബിജെപിയിലെത്തിയത്. ഡിഎംകെ മന്ത്രിയെ ചെരിപ്പെറിഞ്ഞ ബിജെപിക്കാരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും തനിക്ക് ബിജെപി ഇഷ്ടപ്പെടാനാവുന്നില്ലെന്നും ശരവണൻ പ്രതികരിച്ചു.



