30
May 2024
Fri
30 May 2024 Fri
Kejriwal swathi maliwal

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാര്‍ മര്‍ദിച്ചെന്ന എം പി സ്വാതി മലിവാളിന്റെ ആരോപണം പൊളിയുന്നു. (BJP sent Swati Maliwal to Kejriwal’s residence; A video is out that proves the allegation of beating is a lie )കെജ്രിവാളിന്റെ വീട്ടില്‍ സുരക്ഷ ഉദ്യോഗസ്ഥനുമായി സ്വാതി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വാതിയുടെ ആരോപണം തള്ളി പാര്‍ട്ടി നേതാക്കളാണ് ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. ഹിന്ദി വാര്‍ത്താ ചാനലിന്റെ ദൃശ്യങ്ങളാണ് എ.എ.പിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചത് ബി.ജെ.പിയാണെന്നും ലക്ഷ്യം മുഖ്യമന്ത്രിയായിരുന്നുവെന്നും എ.എ.പി നേതാവും മന്ത്രിയുമായ അതിഷിഅതിഷി ആരോപിച്ചു. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്വാതി സമാധാനത്തോടെ ഇരിക്കുകയാണെന്നും അതിഷി ചൂണ്ടിക്കാട്ടി.

കെജ്‌രിവാളിന് ജാമ്യം കിട്ടിയതു മുതല്‍ ബി.ജെ.പി അസ്വസ്ഥരാണ്. അതിനാല്‍ പാര്‍ട്ടിയിലുള്ളവരെ കൂട്ടുപിടിച്ച് കെജ്‌രിവാളിനെ താറടിച്ചു കാണിക്കാന്‍ ബി.ജെ.പി ഒരുക്കിയ ഗൂഢാലോചനയാണിത്. ബി.ജെ.പിയാണ് മേയ് 13ന് രാവിലെ സ്വാതിയെ കെജ്രിവാളിന്റെ വീട്ടിലേക്ക് അയച്ചത്. മുഖ്യമന്ത്രിയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അദ്ദേഹം ആ സമയത്ത് വീട്ടിലില്ലാത്തതിനാല്‍ രക്ഷപ്പെട്ടു. ആ തന്ത്രം പരാജയപ്പെട്ടുവെന്ന് കണ്ടപ്പോഴാണ് കെജ്രിവാളിന്റെ പി.എയെ കരുവാക്കിയതെന്നും അതിഷി പറഞ്ഞു.

ബൈഭവ് കുമാര്‍ തന്നെ മര്‍ദിച്ചുവെന്നാണ് സ്വാതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കെജ്രിവാളിന്റെ വീട്ടില്‍ നിന്ന് പുറത്തുവന്ന വിഡിയോയില്‍ സ്വാതി സുരക്ഷ ഉദ്യോഗസ്ഥനുമായി തര്‍ക്കിക്കുന്നതാണ് കാണുന്നത്. കെജ്രിവാളിന്റെ വീടിന്റെ സ്വീകരണ മുറിയിലാണ് സ്വാതി ഇരിക്കുന്നത്. സുരക്ഷ ഉദ്യോഗസ്ഥരെയും ബൈഭവ് കുമാറിനെയും അവര്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. മുന്‍കൂട്ടി അനുവാദം പോലും വാങ്ങാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വീട്ടിെലത്തിയത്. ബലമായാണ് വീട്ടില്‍ പ്രവേശിച്ചത്. സ്വാതി ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും അതിഷി കുറ്റപ്പെടുത്തി.

താന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിട്ടുണ്ടെന്നും പൊലീസ് എത്തുന്നതുവരെ കാത്തിരിക്കുമെന്നും സ്വാതി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഞാനിത് എല്ലാവരോടും പറയുമെന്നും സ്വാതി വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ ദേഹത്തുതൊട്ടാല്‍ ജോലിയില്‍നിന്ന് പുറത്താക്കുമെന്നു സ്വാതി സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം.

അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ രാഷ്ട്രീയ വാടകക്കൊലയാളി സ്വയരക്ഷക്ക് ശ്രമം തുടങ്ങിയെന്ന് സ്വാതി എക്‌സില്‍ പ്രതികരിച്ചു. കെജ്രിവാളിന്റെ വീട്ടിലെയും മുറിയിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അധികം വൈകാതെ എല്ലാവര്‍ക്കും സത്യം ബോധ്യമാകുമെന്നും സ്വാതി കുറിച്ചു.