വടകര: വടകര ബിജെപിയില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരേ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം രംഗത്തുവന്നു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയുടെ കോലം കത്തിച്ചു. അഴിമതിയാരോപണം നേരിടുന്നവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം.
|
‘പ്രസ്ഥാനത്തിലെ പാഷാണം, പ്രസ്ഥാനത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പ്രഫുല്‍ കൃഷ്ണയുടെ കോലം കത്തിച്ചത്.
ALSO READ: തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്; തുടര്‍ച്ച തേടി സ്റ്റാലിനും മമതയും
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് ഇപ്പോള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഒരു വിഭാഗം തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വടകരയിലും നാദാപുരത്തും തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതരായി പത്രിക നല്‍കുകയും ചെയ്തിരുന്നു. അങ്ങനെ പത്രിക നല്‍കിയ രണ്ട് പേര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ കഴിഞ്ഞ ദിവസം ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയതിന് പിന്നാലെയാണ് പരസ്യപ്രതിഷേധം നടന്നത്.
വടകരയില്‍ ശ്യാംരാജ് കുരിയാടി, നാദാപുരത്ത് കെ പത്മകുമാര്‍ എന്നിവരാണ് വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. ഇവര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച ബിജെപി നേതാക്കളായ എ.വി. ഗണേശന്‍, രവി വെള്ളൂര്‍, പി.പി. രാജന്‍, പി.കെ ബിജീഷ്, നാണു മഞ്ചക്കല്‍, ഇ.കെ ബാബു, വി.ടി വിനീഷ് എന്നിവരെയുമാണ് പുറത്താക്കിയത്. തങ്ങള്‍ ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
അഴിമതിക്കാരെ സ്ഥാനാര്‍ഥികളാക്കി
അഴിമതി ആരോപണം നേരിടുന്നവരെയാണ് ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കിയതെന്നും ചോദ്യം ചെയ്ത തങ്ങളെ ഇല്ലാതാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും പുറത്താക്കപ്പെട്ട പ്രവര്‍ത്തകര്‍ ആരോപിച്ചു.
ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങളാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വടകരയിലെ ഈ ആഭ്യന്തര കലഹം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക നേതൃത്വം.




