23
May 2025
Tue
23 May 2025 Tue
Body of missing 3-year-old girl from Thiruvananthapuram found in Chalakudy river

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തി. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മറ്റക്കുഴി കിഴിപ്പള്ളിയില്‍ സുഭാഷിന്റെ മകളുടെ മൃതദേഹം കണ്ടെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആറംഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിനെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞതാണെന്നു ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മറ്റക്കുഴിയില്‍ നിന്നു ആലുവ കുറമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്കു കുട്ടി പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസില്‍ ആലുവയിലേക്ക് പോയി. ആലുവ വരെ ബസില്‍ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീടാണ് കാണാതായതെന്നുമാണ് സന്ധ്യ മൊഴി നല്‍കിയിരുന്നത്.

വൈകീട്ട് മൂന്നരയോടെയാണ് അങ്കണവാടിയിലുള്ള കുട്ടിയെ സന്ധ്യ കൂടെ കൂട്ടിയത്. ഭര്‍ത്തൃ വീട്ടിലേക്ക് പോകുന്നതിനു പകരം സ്വന്തം വീട്ടിലേക്കാണ് സന്ധ്യ പോയത്. ഏഴ് മണിയോടെ വീട്ടിലെത്തുമ്പോള്‍ കുട്ടിയെ കാണാതിരുന്നതോടെ, ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ആലുവയില്‍ വച്ച് കാണാതായെന്നു മറുപടി നല്‍കി.

വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവില്‍ പരസ്പര വിരുദ്ധമായ മറുപടികളും ലഭിച്ചു. എട്ട് മണിയോടെ പുത്തന്‍കുരിശ് പൊലീസിനെ വീട്ടുകാര്‍ വിവരമറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നല്‍കിയത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം നടത്തിയതും ഒടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതും.

മൂഴിക്കുളം ഭാഗത്ത് അമ്മയും കുഞ്ഞും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

സന്ധ്യ മാനസിക അസ്വാസ്ഥ്യങ്ങള്‍ നേരിട്ടിരുന്നുവെന്നു ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ് സന്ധ്യ ഉള്ളത്. അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. ഭര്‍തൃവീട്ടില്‍ യുവതിക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Body of missing 3-year-old girl from Thiruvananthapuram found in Chalakudy river