07
Nov 2023
Wed
07 Nov 2023 Wed

സയണിസ്റ്റുകളോട് ഇനി ബന്ധമില്ല; ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ബൊളീവിയ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാരക്കസ്: ഫലസ്തീനില്‍ എല്ലാ രാജ്യാന്തര മര്യാദയും ലംഘിച്ച് ആക്രമണം നടത്തുന്ന ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ചാണ് നടപടി. ബൊളീവിയയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്നത് ഇതാദ്യമായല്ല. 2009ല്‍ ഗാസ മുനമ്പിലെ ആക്രമണത്തില്‍ പ്രതിഷേധിച്ചും ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ 2020ല്‍ പ്രസിഡന്റ് ജീനിന്‍ അനസിന്റെ സര്‍ക്കാര്‍ ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

ഇസ്രായേല്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്നും ഗാസ മുനമ്പില്‍ ഹമാസ് പോരാളികള്‍ക്ക് എതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ബൊളീവിയയുടെ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രി ഐഡി മമാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഗസ മുനമ്പില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന അനിയന്ത്രിതമായ ആക്രമണത്തെ ബൊളീവിയ നിരസിക്കുകയും അപലപിക്കുക്കയും ചെയ്യുന്നു. ഇതിനാലാണ് ഇസ്രഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിക്കാന്‍ തീരുമാനിച്ചത്. ഫലസ്തീന്‍ ജനതക്കെതിരെ ഗസ മുനമ്പില്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ഇസ്രഈല്‍ ചെയ്തതായി വിദേശകാര്യ മന്ത്രിയുടെ ചുമതലയുള്ള മരിയ നെല പ്രദ പറഞ്ഞു.ആയിരക്കണക്കിന് സിവിലിയന്‍മാരുടെ മരണങ്ങള്‍ക്കും ഫലസ്തീനികളുടെ നാടുകടത്തലിനും യുദ്ധം കാരണമായതായി അവര്‍ പറഞ്ഞു.

ഇസ്രയേലിനും ഫലസ്തീനും ഇടയിലുള്ള ആക്രമണങ്ങളില്‍ ഒക്ടോബര്‍ ഏഴിന് ബൊളീവിയ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രാലയം ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രാപിക്കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക