ന്യൂഡല്‍ഹി: നിരവധി വിമാനങ്ങള്‍ക്ക് ഒരേ സമയം ബോംബ് ഭീഷണി നേരിട്ടത് യാത്രക്കാരെ വലച്ചു. (Bomb threat to 11 planes in 24 hours) 24 മണിക്കൂറിനിടെ 11 വിമാനങ്ങള്‍ക്കാണ് ഭീഷണിയുണ്ടായത്.
|
ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിസ്താര വിമാനം ഫ്രാങ്ക്ഫുര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. ജയ്പൂര്‍-ദുബൈ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു.
പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇതിന് പുറമേ അഞ്ച് അകാസ എയര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണിയുണ്ടായി.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ദുബൈ-ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലിറക്കി. സോഷ്യല്‍ മീഡിയ വഴിയാണ് വിസ്താരക്ക് ഭീഷണി ലഭിച്ചത്.
യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബംഗളൂരു- മുംബൈ അകാസ എയറില്‍ ബോംബ് വെച്ചതായി സന്ദേശം വന്നത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ വൈകിയാണ് വെള്ളിയാഴ്ച വിമാനം പുറപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇത്തരത്തില്‍ 50 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങള്‍ക്ക് വ്യാജ ബോബ് ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭീഷണികള്‍ക്ക് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ശക്തമാക്കി.





