
മുംബൈ: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2022ല്‍ മാഹാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത മൂന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ( Bombay HC Denies Bail to PFI Members Over Alleged ‘Vision 2047’ Plot ) പോപുലര്‍ ഫ്രണ്ട് മുന്‍ പൂനെ ജില്ലാ വൈസ് പ്രസിഡന്റ് ഖയ്യൂം അബ്ദുല്‍ ശെയ്ഖ്(50), മറ്റൊരു പോപുലര്‍ ഫ്രണ്ട് ഭാരവാഹി റാസി അഹ്‌മദ് ഖാന്‍(37), ഉനൈസ് ഉമര്‍ ഖയ്യൂം പട്ടേല്‍(32) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
![]() |
|
ഇപ്പോള്‍ നാസിക് ജയിലില്‍ കഴിയുന്ന മൂന്ന് പേരും 2023ല്‍ സ്‌പെഷ്യല്‍ കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ ഇവരുടെ കേസ് നിലവില്‍ നാഷിക് പ്രത്യേക കോടതിയുടെ പരിഗണനയിലാണ്.
കേസിനെക്കുറിച്ച് പ്രോസിക്യൂഷന്‍ പറയുന്നത് ഇപ്രകാരമാണ്: 2022 ജൂണ്‍ 14ന് മലേഗാവിലെ പുതിയ പിഎഫ്‌ഐ ഓഫിസ് ഉദ്ഘാടനത്തിന് ശേഷം അംഗങ്ങള്‍ രഹസ്യ യോഗം ചേര്‍ന്നു. മുസ്ലിംകള്‍ ഐക്യപ്പെടാനും രാജ്യത്തിനെതിരേ ഏത് മാര്‍ഗം ഉപയോഗിച്ചും യുദ്ധം ചെയ്യാനും യോഗത്തില്‍ ആഹ്വാനമുണ്ടായി. ആള്‍ക്കൂട്ടക്കൊല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ആഹ്വാനം നടത്തിയതെന്നും എടിഎസ് ആരോപിക്കുന്നു.
മുസ്ലിം സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനും രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കാനും പ്രതികള്‍ നിരവധി യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് എടിഎസ് അവകാശപ്പെട്ടു.
ജസ്റ്റിസ് അജയ് എസ് ഗഡ്കരി, ജസ്റ്റിസ് ശ്യാം സി ചന്ദക് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതികള്‍ ഇതുവരെ കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിലും എടിഎസ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം രാജ്യത്തിനെതിരേ യുദ്ധം ചെയ്യാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷന്‍-2047 എന്ന രേഖയാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
2022 സപ്തംബര്‍ 22നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേ ദിവസം തന്നെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. 2022 സപ്തംബര്‍ 28നാണ് പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടത്.