മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യിപ്പിച്ച രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ ആണ് ഇരുവരും കഴിയുന്നത്.
|
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ വന്ന സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വനന്ദ ഫ്രാന്‍സീസിനെയും മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വയ്ക്കുകയും പോലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
സിസ്റ്റര്‍ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയും പെണ്‍കുട്ടികളുടെ ബന്ധു സുഖ്മന്‍ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവര്‍ക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയതായും മനുഷ്യ കടത്തും സംശയിക്കുന്നുവെന്നും എഫ്‌ഐആറിലുണ്ട്. ദുര്‍ഗ് റെയില്‍വെ സ്റ്റേഷനിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതായി അറിയിച്ചതാണ് കേസിന് ആധാരമായത്. അതേസമയം ബജ്‌റംഗ്ദള്‍ പ്രവര്ത്തകര് റെയില്‍വെ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലീസിനെ സമ്മര്‍ദ്ദത്തിലാക്കി ആണ് കേസെടുപ്പിച്ചതെന്നും ഇവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടെന്നും ദൃക്‌സാക്ഷിയായ മലയാളി വൈദികന്‍ പറഞ്ഞു.
ALSO READ: കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പാര്‍ലമെന്റിലും പ്രതിഷേധം


