28
Jul 2024
Thu
28 Jul 2024 Thu
Bihar bridge collapse

പട്‌ന: ബിഹാറില്‍ മൂന്ന് ആഴ്ചക്കിടെ പതിമൂന്നാമത്തെ പാലവും തകര്‍ന്നു. സഹര്‍ഷ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് വീണ്ടും പാലം തകര്‍ന്നത്. ബിഹാറില്‍ വിവിധ ജില്ലകളിലായി പന്ത്രണ്ട് പാലങ്ങളും കോസ്വേകളുമാണ് ഏതാനും ദിവസങ്ങള്‍ക്കിടേ തകര്‍ന്നത്. പുലര്‍ച്ചയാണ് പാലം തകര്‍ന്നതെന്നും ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘തകര്‍ന്നത് ചെറിയൊരു പാലമോ കോസ്വേയോ ആകാം. ജില്ലാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയതിന് ശേഷം മാത്രമേ നടന്നതെന്താണെന്ന് പറയാനാകൂ,’- സഹര്‍സ കളക്ടര്‍ ജ്യോതി കുമാര്‍ പറഞ്ഞു.

വെള്ളപ്പൊക്കം മൂലമാണ് പാലം തകര്‍ന്നതെന്ന് പ്രദേശവാസിയായ പ്രമോദ് കുമാര്‍ സാഹ് പറഞ്ഞു. 2005ല്‍ നിര്‍മിച്ച പാലമാണിത്. അപകടാവസ്ഥയിലായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് അപകടത്തിന് കാരണമെന്നും സാഹ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും അപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

കഴിഞ്ഞ ദിവസം ബീഹാറിലെ ചമ്പാരനില്‍ പാലം തകരുന്ന ദൃശ്യങ്ങള്‍ ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവ് പങ്കുവെച്ചിരുന്നു. എന്നാല്‍ തകര്‍ന്നത് താല്‍ക്കാലിക പാലമാണെന്ന വാദവുമായി ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തി. വന്‍ അഴിമതിയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിവാന്‍, സരണ്‍, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച്, തുടങ്ങിയ ജില്ലകളിലും അടുത്തിടെ പാലങ്ങള്‍ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തുകയും 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സര്‍വേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ബീഹാറില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയതും നിര്‍മാണത്തിലിരിക്കുന്നതും പഴയതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് ആവശ്യപ്പെട്ട് ഒരു പൊതുതാത്പര്യ ഹരജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഇതേ തുടര്‍ന്ന് പാലങ്ങള്‍ സംരക്ഷിക്കുന്നതിന് ബിഹാര്‍ പുതിയ ചട്ടങ്ങളും നടപടി ക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.