28
Sep 2023
Mon
28 Sep 2023 Mon

കട്ടപ്പന: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. കട്ടപ്പനയ്ക്കു സമീപം ഇടിഞ്ഞമലയില്‍ ഗ്യാലക്‌സി ഗ്യാസ് ഏജന്‍സി നടത്തുന്ന കറുകച്ചേരില്‍ പൊന്നച്ചന്റെ മകന്‍ ജെറിന്‍, ജെബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ജെറിന് യുവതിയോടുള്ള വിരോധം മൂലമാണ് പ്രതികള്‍ യുവതിയെ അപമാനിക്കുന്നതിന് ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷണം നടത്തിയ തങ്കമണി പൊലീസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

150 പേരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു പ്രതികള്‍ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ചെയ്ത് പ്രചരിപ്പിച്ചത്. യുവതി നല്‍കിയ പരാതിയില്‍ തങ്കമണി പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികളുടെ പിതാവിന്റെ ഗ്യാസ് ഏജന്‍സി സ്ഥിതിചെയ്യുന്ന ഇടിഞ്ഞമലയിലെയും ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളിലെയും നൂറ്റമ്പതോളം ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചത്.

യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലസന്ദേശത്തോടെ പ്രചരിപ്പിച്ച ശേഷം പ്രതികള്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് യുവതി ഏപ്രില്‍ 14-ന് തിയതി തങ്കമണി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തങ്കമണി പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരവേ ജെറിന്റെ തൊഴിലാളിയായിരുന്ന അസം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ സിംകാര്‍ഡ് ഉപേയാഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് തെളിഞ്ഞു.

അപ്പോഴേക്കും പ്രതികള്‍ അസം സ്വദേശിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ജെറിന്റെ സഹോദരന്‍ ജെബിനാണ് സിം കാര്‍ഡ് അസം സ്വദേശിയില്‍ നിന്ന് തിരികെ വാങ്ങിയത്.തുടര്‍ന്ന് ജെറിന്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചശേഷം വാട്‌സ്ആപ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചു.

ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെഎം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോഷി ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍ ജിതിന്‍ അബ്രഹാം എന്നിവര്‍ അസം, നാഗാലാന്‍ഡ് അതിര്‍ത്തിയിലെത്തി അസം സ്വദേശിയെ കണ്ടെത്തി. തുടര്‍ന്ന് അസം സ്വദേശിയെ നെടുംകണ്ടം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
അറസ്റ്റ് ഉറപ്പായതോടെ പ്രതികള്‍ ഒളിവില്‍ പോവുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിക്കുകയും ചെയ്തു. കട്ടപ്പന ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റിന്റെ വാറണ്ട് പുറപ്പെടുവിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

ജില്ലാ പോലിസ് മേധാവി വി യു കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തില്‍ തങ്കമണി സന്തോഷ് കെ എം., സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോഷി ജോസഫ്, പിപി വിനോദ്, സിപിഒ ജിതിന്‍ അബ്രഹാം എന്നിവരാണ് പ്രതികളെ പിടികൂടിയത്.