മസ്ജിദ് സര്‍വേയെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സംഭലിലും ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്. (Bulldozer action carried out in Sambhal) അനധികൃത നിര്‍മാണമെന്നാരോപിച്ച് ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. സംഭല്‍ എംപി സിയാവുറഹ്‌മാന്റെ വീടിനടുത്തും പരിശോധന നടന്നതായാണ് റിപോര്‍ട്ടുകള്‍.
|
സംഭലില്‍ കഴിഞ്ഞ മാസം മസ്ജിദ് സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ കേസുകളും മറ്റും നടക്കുന്നതിനിടെയാണ് ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുകള്‍ എത്തിയത്.
കേസിലുള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിം കോടതി ഈയിടെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അത് വകവയ്ക്കാതെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ബുള്‍ഡോസര്‍ പ്രയോഗം തുടരുകയാണ്.
എന്നാല്‍, പൊതു സ്ഥലം അനധികൃമായി കൈയേറി കെട്ടിടം നിര്‍മിക്കുകയും വൈദ്യുതി മോഷണം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി ഡിപാര്‍ട്ട്‌മെന്റും പോലീസും ചേര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതെന്ന് സബ് ഡിവിഷനല്‍ ഓഫീസര്‍ സന്തോഷ് ത്രിപാഠി പറഞ്ഞു. ചില കെട്ടിടങ്ങളുടെ അകത്താണ് വൈദ്യുതി തൂണുകളെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി കണക്ഷനോ ശരിയായ മീറ്ററോ ഇല്ലാതെ വൈദ്യുതി ഉപയോഗിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.