യുപിയിൽ ബുർഖ ധരിച്ചെത്തി നിയമവിദ്യാർഥിനിയുടെ ദേഹത്ത് ആസിഡ് എറിഞ്ഞു രക്ഷപ്പെട്ട യുവാവിനെ പോലീസ് പിടികൂടി. അഭിഭാഷകന്റെ ക്ലാർക്കായി ജോലി ചെയ്യുന്ന അതുൽ ആണ് പിടിയിലായത്. ആക്രമണത്തിൽ എൽഎൽബി വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. പിലിഭിറ്റ് ജില്ലയിലാണ് സംഭവം.
|
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബുർഖ ധരിച്ചെത്തിയത് പുരുഷനാണെന്നു വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. രക്ഷപെടാൻ ശ്രമിച്ച അതുലിനെ കാലിന് വെടിവച്ചുവീഴ്ത്തിയാണ് പോലീസ് പിടിച്ചത്. പ്രതിയിൽ നിന്ന് മോട്ടോർസൈക്കിളും അനധികൃത തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു.
വിദ്യാർഥിനി ഇന്റേൺഷിപ്പ് ചെയ്തിരുന്ന സ്ഥാപനത്തിൽ തന്നെയായിരുന്നു അതുലും ജോലി ചെയ്തിരുന്നത്. വിദ്യാർഥിനി തന്നോട് മിണ്ടുന്നത് നിർത്തിയതാണ് ആക്രമണത്തിനു കാരണമെന്നാണ് അതുലിന്റെ മൊഴി.