22
May 2023
Wed
22 May 2023 Wed

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന ആശുപത്രി സംരക്ഷണ ഓർഡിനൻസിനു മന്ത്രിസഭാ അംഗീകാരം നൽകി. ഏഴ് വർഷം തടവ് പരമാവധി ശിക്ഷയാക്കും. ഏറ്റവും കുറഞ്ഞ ശിക്ഷ ആറ് മാസമായിരിക്കും. ഡോ.വന്ദനയുടെ മരണത്തിന് പിന്നാലെയാണ് അടിയന്തിരമായി ഓർഡിനൻസ് ഇറക്കിയത്. ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കിയത്. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിന് പുറമെ, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ വരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നു വർഷത്തിൽ നിന്ന് ഏഴു വർഷം കഠിന തടവാകും. അതിക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷ ആറുമാസം തടവാണ്. വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും പിഴയും അടക്കം ശിക്ഷ ലഭിക്കും. ആശുപത്രിയിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് വിപണിവിലയുടെ ആറിരട്ടി വരെ പിഴ ഈടാക്കും.

നഴ്‌സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. സുരക്ഷാ ജീവനക്കാർക്കും പരിശീലനത്തിന് എത്തുന്നവർക്കും നിയമപരിരക്ഷ ലഭിക്കും. സൈബർ ആക്രമണവും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യപ്രവർത്തകരുടെ ദീർഘകാല ആവശ്യത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണറുടെ അന്തിമ അംഗീകാരത്തിനായി സമർപ്പിച്ചു.