15
Dec 2024
Fri
15 Dec 2024 Fri
California earth quake tsunami warning

കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമി മുന്നറിയിപ്പ് മണിക്കൂറുകള്‍ക്കു ശേഷം പിന്‍വലിച്ചു.
അമേരിക്കയില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് ഹൊണോലുലുവിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒറിഗോണ്‍ അതിര്‍ത്തിക്കടുത്തുള്ള തീരദേശ ഹംബോള്‍ട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേണ്‍ഡെയില്‍ പ്രാദേശിക സമയം രാവിലെ 10:44ന് ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വിഭാഗം അറിയിച്ചത്. തീരപ്രദേശത്തിന് സമീപമുള്ളവര്‍ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

ALSO READ: ബോക്‌സോഫീസ് റെക്കോഡുകൾ തിരുത്തി കുറിക്കാൻ പുഷ്പ-2; ആദ്യ ദിനം തന്നെ 175 കോടി കളക്ഷൻ, ജവാന്റെ റെക്കോഡ് മറികടന്നു, ആരാധകർക്ക് നന്ദി പറഞ്ഞു അല്ലു

പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. എന്നാല്‍, ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

‘ശക്തമായ തിരമാലകള്‍ നിങ്ങളുടെ സമീപ തീരങ്ങളെ ബാധിച്ചേക്കാം. തീരദേശ ജലാശയങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ഉള്‍പ്രദേശങ്ങളിലേക്കോ നീങ്ങുക. പ്രാദേശിക ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നില്‍ക്കുക’ എന്നായിരുന്നു മുന്നറിയിപ്പ്.

മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം സുരക്ഷിത സ്ഥലങ്ങള്‍ തേടി പലായനം തുടങ്ങിയിരുന്നു. പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ച അറിയിപ്പുകള്‍ വന്നത്. 5.3 ദശലക്ഷം ആളുകളെ ദുരന്തം ബാധിച്ചേക്കാമെന്നായിരുന്നു അറിയിപ്പ്.