മുംബൈ: സംഘപരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോ വാട്സാപ്പില്‍ ഷെയര്‍ ചെയ്തതിന് അഭിഭാഷകനെതിരെ കേസ്. (Case against lawyer who shared Dhruv Rathi’s video on WhatsApp) മഹാരാഷ്ട്ര മീര ഭയന്ദര്‍ വസയ് വിരാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഏകാധിപത്യ സ്വഭാവമുണ്ടെന്ന് ധ്രുവ് ആരോപിക്കുന്ന വീഡിയോ ആണ് പാല്‍ഗഡ് ജില്ലയിലെ വസായിയില്‍ ബാര്‍ അസോസിയേഷന്‍ അംഗമായ ആദേഷ് ബന്‍സോഡെയ് ഷെയര്‍ ചെയ്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ് ആദേഷ്. ‘ദ നരേന്ദ്ര മോദി ഫയല്‍സ്: എ ഡിക്‌റ്റേറ്റര്‍ മെന്റാലിറ്റി?’ എന്ന തലക്കെട്ടോടെയുള്ള വീഡിയോ ആണ് ആദേഷ് വസായ് ബാര്‍ അസോസിയേഷന്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടത്.
|
മെയ് 20-ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായാണ് ആദേഷ് ഗ്രൂപ്പില്‍ വീഡിയോ പങ്കുവെച്ചത്. വോട്ട് ചെയ്യാന്‍ പോകും മുന്‍പ് കാണുക എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പില്‍ അധിക്ഷേപകരമായ വീഡിയോ പങ്കുവച്ചെന്നാരോപിച്ച് അസോസിയേഷന്‍ അംഗമായ മറ്റൊരു അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസ് കമ്മീഷണര്‍ മധൂകര്‍ പാണ്ഡെ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു.
പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് ആദേഷ് പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു കേസെടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കോടിക്കണക്കിന് മനുഷ്യര്‍ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വീഡിയോ ആണിതെന്നും ആദേഷ് ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





