കോഴിക്കോട്: മുക്കം മണാശേരിയില്‍ ലൈസന്‍സില്ലാതെ അപകടകരമായി നിലയില്‍ സ്‌കൂട്ടര്‍ ഓടിച്ച് തലനാരിഴയക്ക് രക്ഷപ്പെട്ട വിദ്യാര്‍ഥിനിക്കെതിരെ പോലിസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തു. മാവൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിക്കെതിരെയാണ് നടപടി. മൂന്ന് വിദ്യാര്‍ഥിനികള്‍ ഒരു സ്‌കൂട്ടറില്‍ അശ്രദ്ധമായി നാല്‍ക്കവല മുറിച്ച് കടക്കുന്നതിനിടെ ബസപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
|
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഹെല്‍മിറ്റില്ലാതെ മൂന്ന് വിദ്യാര്‍ഥിനികള്‍ സ്‌കൂട്ടറില്‍ അശ്രദ്ധമായി മണാശേരിയിലെ നാലും കൂടിയ ജങ്ഷന്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രധാന പാതയിലൂടെ എത്തിയ ബസിടിക്കാതെ തല നാരിഴയ്ക്കാണ് സ്‌കൂട്ടര്‍ കടന്നു പോയത്. ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ട് നിറുത്തിയെങ്കിലും വിദ്യാര്‍ഥിനികള്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചു പോയി. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലിസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിടിച്ചെടുക്കുന്നത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് ലൈസന്‍സുണ്ടായിരുന്നില്ല. ഈ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ പിതാവിന്റേതാണ് സ്‌കൂട്ടര്‍.പിതാവിനെതിരേയും കേസ്സെടുക്കുമെന്ന് പോലിസ് അറിയിച്ചു.



