മലപ്പുറം: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങൾ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും കേസിൽ പ്രതിയാണ്.
|
ആറ് ലക്ഷത്തിൽ കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂർ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികൾ ആണ് ഏറെ ആരാധകർ.
ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് തൊപ്പി കുട്ടികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.എന്നാൽ സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്‌സികായുമാണ് ഇയാൾ വീഡിയോയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽനടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത ‘തൊപ്പി’യുടെ പാട്ടുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപ്പേരാണ് പരിപാടിയിലെ മുഖ്യാതിഥിയായ ‘തൊപ്പി’യെ കാണാൻ സ്ഥലത്തെത്തിയത്. ഇതുകാരണം ദേശീയപാതയിൽ ഗതാഗതതടസ്സം നേരിട്ടതായും നാട്ടുകാർ പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്ന ‘തൊപ്പി’ പോലുള്ള വ്‌ലോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.





