27
Dec 2024
Sat
27 Dec 2024 Sat
Indian Institute of Management (IIM) Bangalore Director Rishikesh T Krishnan

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഋഷികേഷ് ടി കൃഷ്ണന്‍, ഡീന്‍, ആറ് പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കെതിരേ ജാതി വിവേചനത്തിന് ബംഗളൂരു പോലീസ് കേസെടുത്തു. (Caste discrimination; Case filed against IIM Bengaluru director and seven senior professors) അറിയപ്പെടുന്ന ദലിത് ബുദ്ധിജീവിയും അസോസിയേറ്റ് പ്രൊഫസറുമായ ഗോപാല്‍ ദാസിന്റെ പരാതിയില്‍ സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സമെന്റ് നടത്തിയ അന്വേഷണത്തിലാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡയറക്ടര്‍ക്കു പുറമേ ദിനേശ് കുമാര്‍, സൈനേഷ് ജി, ശ്രീനിവാസ് പ്രാക, ചേതന്‍ സുബ്രഹ്‌മണ്യന്‍, ആശിഷ് മിശ്ര, ശ്രീലത ജൊനലാഗഡു, രാഹുല്‍ ഡേ എന്നീ ഫാക്കല്‍റ്റികള്‍ക്കെതിരേയാണ് കേസെടുത്തത്.

പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കെതിരേ അതിക്രമം തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2024 ജനുവരിയില്‍ ഐഐഎം സന്ദര്‍ശന സമയത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഗോപാല്‍ ദാസ് പരാതി നല്‍കിയതോടെയാണ് സംഭവം വെളിച്ചത്തു വന്നത്.

ALSO READ: ജബലിയയില്‍ വേഷം മാറി ഖസ്സാം പോരാളിയുടെ ചാവേറാക്രമണം; നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

സ്ഥാപനത്തിലെ വിവിധ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തല്‍, സൗകര്യങ്ങള്‍ നിഷേധിക്കല്‍, ജാതി പീഡനം തുടങ്ങിയ കാര്യങ്ങള്‍ ദ്രൗപതി മുര്‍മുവിന് എഴുതിയ പരാതിയില്‍ ഉന്നയിച്ചിരുന്നു. പ്രസിഡന്റിന്റെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സമെന്റ്(ഡിസിആര്‍ഇ) അന്വേഷണം ആരംഭിച്ചു.

മെയ് മാസത്തില്‍ കര്‍ണാടക സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി മണിവണ്ണനും പരാതി നല്‍കി. ഡിസിആര്‍ഇ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പീഡനം കൂടുതല്‍ രൂക്ഷമായതായി അതില്‍ പറയുന്നു.

തുടര്‍ന്ന് അഡീഷനല്‍ ഡിജിപി അരുണ്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം നവംബറിലാണ് പൂര്‍ത്തീകരിച്ചത്. ജാതി പീഡനവും തൊഴില്‍ സ്ഥലത്തെ വിവേചനവും നടന്നതിന് തെളിവുകള്‍ ലഭിച്ചതായി ഡിജിപി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബംഗളൂരു കമ്മീഷണര്‍ക്ക് കര്‍ണാടക സാമൂഹിക ക്ഷേമ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.