|
ന്യൂഡൽഹി: സി.ബി.ഐയും ഇ.ഡിയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണെന്ന ആരോപണത്തിനിടെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് ഏജൻസികളും പ്രവർത്തിക്കുന്നത് ഏറ്റവും നിക്ഷ്പക്ഷമായ രീതിയിലാണെന്നും രണ്ടു കേസുകൾ ഒഴികെ ഇപ്പോൾ അന്വേഷണം നടക്കുന്ന മറ്റെല്ലാ കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത് യുപിഎ സർക്കാരിന്റെ കാലത്താണെന്നും അമിത് ഷാ പറഞ്ഞു. ‘ഇന്ത്യാ ടുഡേ കോൺക്ലേവിൽ’ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്ന് 2017 ലെ യുപി തെരഞ്ഞെടുപ്പിനിടെ ഒരു കോൺഗ്രസ് വനിതാ നേതാവ് ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടപടിയുണ്ടായപ്പോൾ അവർ കരച്ചിലുമായി ആകെ ബഹളത്തിലാണ്’, അമിത് ഷാ പറഞ്ഞു.
അന്വേഷണ ഏജൻസികളൊന്നും കോടതിക്ക് മുകളിലല്ല. കോടതിയിൽ പോകുന്നതിന് പകരം അവരെന്തിനാണ് പുറത്ത് നിന്ന് ബഹളം വെയ്ക്കുന്നത്. രണ്ട് കേസുകളൊഴികെ ബാക്കി എല്ലാ അഴിമതി കേസുകളും രജിസ്റ്റർ ചെയ്തത് അവരുടെ ഭരണ കാലത്താണ്. ഞങ്ങളുടെ ഗവൺമെന്റിന്റെ കാലത്തല്ല. ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്ക് എതിരായി ഉപയോഗിക്കുകയാണൊ എന്നാണ് അവർ ചോദിക്കുന്നത്. ഇതിനെതിരെ കോടതിയിൽ പോകാൻ അവരെ ആരാണ് തടയുന്നത്- അമിത് ഷാ ചോദിച്ചു.





