23
Sep 2022
Sun
23 Sep 2022 Sun

ബിജെപിയെ അധികാരത്തിലേറ്റാൻ ആർഎസ്എസ് രാജ്യത്തുടനീളം സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച ആർഎസ്എസ് മുൻപ്രവർത്തകനെതിരേ സിബിഐ നന്ദേഡ് ജില്ലാ കോടതിയെ സമീപിച്ചു. 2006 ഏപ്രിലിൽ നടന്ന നന്ദേഡ് സ്ഫോടനത്തിൽ സാക്ഷിയായി ഹാജരാവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് ഷിൻഡേ സമർപ്പിച്ച ഹരജി തള്ളണമെന്നാവശ്യപ്പെട്ടാണ് സിബിഐ കോടതിയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

1990 മുതൽ ആർഎസ്എസിൽ സജീവപ്രവർത്തകനായിരുന്ന യശ്വന്ത് ഷിൻഡേ ആർഎസ്എസ് രാജ്യത്ത് നടത്തിയ സ്ഫോടനങ്ങളെക്കുറിച്ച് നന്ദേഡ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയായിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും യശ്വന്ത് ഷിൻഡേ വെളിപ്പെടുത്തിയിരുന്നു. ‌

 

2004ലെ പൊതുതിരഞ്ഞെടുപ്പിന് ഒരുവർഷം മുമ്പ് 2003ൽ ഇന്നത്തെ വിഎച്ച്പി സെക്രട്ടറി ജനറൽ ആയ മിലിന്ദ് പരണ്ഡേയുടെ നേതൃത്വത്തിലാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മിലിന്ദ് പരണ്ഡേയുടെ അടുത്ത അനുയായികളായ രണ്ട് ആർഎസ്എസ് പ്രവർത്തകരായിരുന്നു ബോംബ് നിർമാണത്തിലും ആക്രമണത്തിലും പരിശീലനം നൽകുന്നുവെന്ന് തന്നെ അറിയിച്ചത്. രാജ്യത്തുടനീളം സ്ഫോടനം നടത്തുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. ഇക്കാര്യം അവർ തന്നോട് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. എന്നാൽ അതു പുറത്തുകാണിക്കാതെ 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനായാണോ ഇതെന്നു ചോദിച്ചെങ്കിലും അവർ മറുപടി നൽകിയില്ല.

 

സിൻ​ഹാബാദ് കോട്ടയിലാണ് ബോംബ് നിർമാണ പരിശീലനക്യാംപ് നടന്നത്. മഹാരാഷ്ട്രയിലെ ഔറം​ഗബാദ്, ജല​ഗാവ്, നന്ദേഡ് തുടങ്ങിയ ജില്ലകളിൽ നിന്നായി 20ഓളം ആർഎസ്എസ് പ്രവർത്തകരാണ് ക്യാംപിൽ പങ്കെടുത്തത്. സ്ഫോടനങ്ങളുടെ ആസൂത്രകരായി മിലിന്ദ് പരേണ്ഡേക്കു പുറമേ രാകേഷ് ദവാദേ, രവി ദേവ്(മിഥുൻ ചക്രവർത്തി), ഇന്ദ്രേഷ് കുമാർ, ഹിമാൻഷു പാൻസേ എന്നിവരുടെ പേര് യശ്വന്ത് ഷിൻഡേ സത്യവാങ്മൂലത്തിൽ എടുത്തുപറയുന്നുണ്ട്. രവി ദേവ് പരിശീലനം നൽകുകയും മിലിന്ദ് പരേണ്ഡേയും രാകേഷ് ധവാദും പരിശീലന ക്യാംപ് സംഘടിപ്പിക്കുകയുമാണ് ചെയ്തതെന്നും ഷിൻഡേ പറയുന്നു. 

 

അതേസമയം യശ്വന്ത് ഷിൻഡേയുടെ സത്യവാങ് മൂലത്തിന് കോടതി സിബിഐയുടെ മറുപടി തേടുകയും ചെയ്തു. ഇതോടെയാണ് സിബിഐ യശ്വന്ത് ഷിൻഡേയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഹരജി തള്ളണമെന്നും ആവശ്യപ്പെട്ടത്. സ്ഫോടനം നടന്ന് 16 വർഷത്തിനിടെ യശ്വന്ത് ഷിൻഡേ ഒരിക്കൽ പോലും അന്വേഷണ ഏജൻസിയെ സമീപിച്ചിരുന്നില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന വിചാരണയിൽ ഷിൻഡേ ബാധിക്കപ്പെട്ട വ്യക്തി പോലുമല്ലെന്നും സിബിഐ പറയുന്നു. 

 

യശ്വന്ത് ഷിൻഡേയുടെ ഹരജി നന്ദേഡ് കോടതി സ്വീകരിച്ചാൽ കേസിലെ മുഖ്യപ്രതിയായി സംഘപരിവാറിന്റെ മുതിർന്ന നേതാവായ മിലിന്ദ് പരണ്ഡേ മാറും. 
രാജ്യത്ത് ആർഎസ്എസ് നടത്തിയ ഭീകരാക്രമണങ്ങളിൽ സാദാരണ പ്രവർത്തകരെ മാത്രമാണ് പിടികൂടിയിട്ടുള്ളതെന്നും ഇതിനു പിന്നിലെ ആസൂത്രകരെ ഒറിക്കൽപോലും പിടികൂടിയിട്ടില്ലെന്നും യശ്വന്ത് ഷിൻഡേ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 

 

ജൽന, പർഭനി ജില്ലകളിൽ വിഎച്ച്പി പ്രവർത്തകനായ ഹിമാൻഷു പാൻസേ സ്ഫോടനങ്ങൾ നടത്തി. മഹാരാഷ്ട്രയിലെ ഔറം​ഗബാദ് ന​ഗരത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തെങ്കിലും നന്ദേഡിൽ ബോംബ് സ്ഥാപിക്കുന്നതിനിടെ ഇതു പൊട്ടി ഇയാൾ മരിക്കുകയായിരുന്നുവെന്നും യശ്വന്ത് ഷിൻഡേ പറയുകയുണ്ടായി. ലോക് സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടംകൊയ്യാനാണ് ആക്രമണങ്ങളെന്നതിനാൽ സ്ഫോടനം നടത്തുന്നതിനിൽ നിന്നു പിൻമാറണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഹിമാൻഷു പാഷേയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഷിൻഡേ പറയുന്നു. 

 

പൂനെയില് ‍ആർഎസ്എസ് നടത്തിയ ബോംബ് നിർമാണ ക്യാംപിൽ താൻ പങ്കെടുത്തിരുന്നു. 2008ലെ മലേ​ഗാവ് സ്ഫോടനക്കേസ് പ്രതിയായി മാറിയ രാകേഷ് ധാവഡേ ആയിരുന്നു ക്യാംപ് നടത്തിയത്. ഇയാളെ മലേ​ഗാവ് സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. മൂന്നോ നാലോ ദിവസമാണ് ബോംബ് നിർമാണ ക്യാംപ് നീണ്ടത്. എല്ലാ ദിവസവും രാകേഷ് ധവാഡേ, മിഥുൻ ചക്രവർത്തി(രവി ദേവ്)എന്നയാളെ ക്യാംപിൽ കൊണ്ടുവരികയും ഇയാൾ ബോംബ് നിർമാണത്തിൽ പരിശീലനം നൽകുകയും ചെയ്തു.

 

രാജ്യത്തിന്റെ മറ്റിടങ്ങളിലും ഇതേപോലെ ക്യാംപ് നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി ഹൈദരാബാദിലും മലേ​ഗാവിലും സംഝോത എക്സ്പ്രസ് ട്രെയിനിലും സ്ഫോടനങ്ങൾ അരങ്ങേറി. ഈ ബോംബാക്രമണങ്ങളിൽ ബിജെപി എംപി സാധ്വി പ്ര​ഗ്യ, രാകേഷ് ധവാഡേ എന്നിവർക്ക് പങ്കുണ്ടെന്നും യശ്വന്ത് ഷിൻഡേ വെളിപ്പെടുത്തുന്നു. സ്ഫോടനങ്ങൾ നടത്തിയ ഹിന്ദുത്വ ഭീകരരെ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത്(2004-2014)അറസ്റ്റ് ചെയ്തെങ്കിലും മോദി സർക്കാർ അധികാരത്തിലേറിയതോടെ ഇവർ വീണ്ടും ബോംബ് നിർമാണരം​ഗത്തേക്ക് തിരിച്ചുവന്നുവെന്നും യശ്വന്ത് ഷിൻഡേ പറയുന്നു.