ബെയ്‌റൂത്: ദിവസങ്ങള്‍ക്ക് മുമ്പ് പ്രാബല്യത്തില്‍ വന്ന ലബനാന്‍ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച് ഇസ്രായേല്‍. ദക്ഷിണ ലബ്‌നാനിലെ രണ്ടു നഗരങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ബോംബിങില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം
കിഴക്കന്‍ ലബനാനിലെ ഹെര്‍മല്‍ പ്രവിശ്യയിലെ ഹൗശുല്‍ സയ്യിദ് അലി പ്രദേശത്ത് സൈനിക ക്യാമ്പില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.
|
അതിര്‍ത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ നബാത്തിയയില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കന്‍ ലബനാനിലെ മര്‍ജായൂനില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതടക്കം ഒരാഴ്ചക്കിടെ 52 തവണ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇസ്രായേല്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹിസ്ബുല്ല ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നു. എന്നാല്‍, ഹിസ്ബുല്ല ആക്രമണത്തിന് തിരിച്ചടിയാണ് തങ്ങളുടെ ബോംബിങെന്നാണ് ഇസ്രായേല്‍ അവകാശവാദം.
തെക്കന്‍ ലബനാനില്‍ യുദ്ധത്തിനിടെ പ്രവേശനം വിലക്കിയ ഭാഗങ്ങളില്‍ തിരിച്ചുപോക്ക് ഇപ്പോഴും ഇസ്രായേല്‍ മുടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളിലേക്ക് മടങ്ങുന്നത് നിരോധിക്കപ്പെട്ടതാണെന്ന് പറഞ്ഞാണ് വീടുകള്‍ക്കുനേരെ വെടിവെപ്പ്.
ഷിബാ, അല്‍ഹബ്ബാരിയ, മര്‍ജായൂന്‍, അര്‍നൂന്‍, യൊഹ്‌മൂര്‍, ഖന്‍ത്വറ, ചഖ്‌റ, അല്‍മന്‍സൂരി തുടങ്ങി 60ലേറെ പ്രദേശങ്ങളിലാണ് വിലക്ക്. അതിനിടെ, സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു ബെയ്‌റൂത്തിലെത്തി.
വെടിനിര്‍ത്തല്‍ സയമത്ത് ഇത്തരത്തിലുള്ള ലംഘനങ്ങള്‍ പതിവാണെന്നാണ് ഇതേക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലറിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ പൂര്‍ണമായും തകരുന്നത് ഒഴിവാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലും ഇസ്രായേല്‍ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ മാത്രം 37 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 108 പേര്‍ക്ക് പരിക്കേറ്റു. ജബാലിയ, ബെയ്ത് ലാഹിയ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം. 14 മാസത്തിനിടെ 44,466 ഫലസ്തീനികള്‍ ഇസ്രായേല്‍ വംശഹത്യക്കിരയായതായാണ് സ്ഥിരീകരിക്കപ്പെട്ട കണക്ക്. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്.


