ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈത്രിയുടെ സമഗ്രമായ സാമൂഹിക ഇടപെടലിന്റെ 28 വർഷം പിന്നിടുന്ന ഘട്ടത്തിൽ മൈത്രീയം ’24 എന്ന പേരിൽ വിപുലമായ സാംസ്കാരിക പരിപാടികളുടെ ആഘോഷരാവ് സംഘടിപ്പിക്കുന്നു. നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലാണ് വിത്യസ്ത സാംസ്കാരിക പരിപാടികൾ അരങ്ങേറുക. മലയാള സംഗീത രംഗത്തെ നിറ സാന്നിധ്യങ്ങളായ അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള തുടങ്ങിയവർ അതിഥികളായി എത്തി അവതരിപ്പിക്കുന്ന സംഗീത വിരുന്ന് കലാ ആസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും
|
ആഘോഷങ്ങൾക്ക് നവോന്മേഷം പകർന്ന് മൈത്രിയുടെ അറുപതിലേറെ കുട്ടികളും മുതിർന്നവരും പങ്കാളികളാകുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളും ജിദ്ദയെ കാത്തിരിക്കുന്നു. അശരണർക്കു സഹായ ഹസ്തമാകാൻ തനിച്ചും, ജിദ്ദയിലെ മറ്റു സംഘടനകളുമായി സഹകരിച്ചും ഒട്ടേറെ പ്രവർത്തനങ്ങൾക്ക് മൈത്രി നേതൃത്വം നൽകി. 2002 ഗുജറാത്ത് ഭൂകമ്പം, 2004 ൽ സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ മൈത്രി വാർഷികാഘോഷങ്ങൾ വേണ്ടെന്നു വച്ച് പ്രസ്തുത തുക ദുരിതം അനുഭവിക്കുന്നവർക്ക് എത്തിക്കാൻ കേരള ഗവണ്മെന്റുമായി കൈകോർത്തു. ഈയിടെ ഉണ്ടായ വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായും മൈത്രി ജിദ്ദ മുന്നിൽനിന്ന് പ്രവർത്തിച്ചു. മൈത്രിയുടെ യാത്രയിൽ നിലകൊണ്ടിരുന്ന മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കും മൈത്രി സഹായഹസ്തമായി നിലകൊണ്ടിട്ടുണ്ട്.
കലാരംഗത്തും കായിക രംഗത്തും ഇക്കാലമത്രയും മൈത്രി സജീവമായി നിലയുറപ്പിച്ചു. മൈത്രിയുടെ പ്രവർത്തന മണ്ഡലം എന്നത് അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സർഗ്ഗ വാസനകളെ വേണ്ടും വിധം പ്രോത്സാഹിപ്പിക്കുക എന്നതാണ്. ജിദ്ദ സമൂഹത്തിന് വേറിട്ട അനുഭവം വിവിധ പാരിപാടികളിലൂടെ മൈത്രി നൽകിവരുന്നുണ്ട്. വർണാഭമായ ഓണാഘോഷം, ഇഫ്താർ, ക്രിസ്മസ്, ന്യൂ ഇയർ, ശിശുദിനം, വനിതാ സംഗമം, സൗദി ദേശീയ ദിനം, കേരളം പിറവി, തുടങ്ങിയവ മൈത്രിയുടെ പ്രധാന പരിപാടികളാണ്. ജിദ്ദയിൽ പൂക്കള മത്സരം എന്നത് മൈത്രിയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്. മൈത്രിയുടെ ഈ വിജയകരമായ പ്രവർത്തന പഥത്തിന്റെ നിതാനം മൈത്രി അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവുമാണ്. ജിദ്ദയിലെ കുട്ടികളുടെയും സ്ത്രീകളുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി വിവിധങ്ങളായ പരിപാടികൾ, പ്രധാനമായും കഴിഞ്ഞ നാല് സീസണുകളിലായി നടന്ന പെൻസിൽ ഡ്രോയിങ് കളറിംഗ് മത്സരങ്ങൾ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്.
കായിക രംഗത്തും മൈത്രി അവരുടെ മഹനീയ സാനിധ്യം ഉറപ്പിച്ചിട്ടുണ്ട്. മൈത്രിയുടെ കായിക ദിനം ഒരു കായികോത്സവമായാണ് അഘോഷിച്ചു വരുന്നത്. ആരോഗ്യ സംബന്ധമായ ക്‌ളാസ്സുകൾ സഘടിപ്പിക്കുന്നതിന്റെ ഭാഗമായി മൈത്രി സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ക്‌ളാസ് സംഘടിപ്പിച്ചു. സാമൂഹിക വിപത്തുകൾക്കെതിരെയും, സുദൃഢമായ കുടുംബ ബന്ധങ്ങൾക്കും ഊന്നൽ നൽകിയുള്ള അവബോധന ക്ലാസ് സംഘടിപ്പിച്ചു
വിദ്യാഭ്യാസത്തിന് പ്രചോദനം നൽകുന്നതിനായി വിദ്യാർത്ഥികൾക്ക് വിവിധ തലങ്ങളിൽ അവരുടെ മികവ് പരിഗണിച്ചും പ്രശസ്ത സർവകലാശാലകളിൽ പ്രവേശനം ലഭിച്ചവരേയും അവാർഡുകൾ നൽകി ആദരിച്ചു വരുന്നു.
പ്രസ്തുത ചടങ്ങിൽ 2023 – 2024 വർഷത്തിലെ പഠന മികവിനുള്ള അംഗീകാരമായി മൈത്രി കുടുംബങ്ങളിലെ പത്ത്, പന്ത്രണ്ട് ക്‌ളാസ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രശസ്ത യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി ആദരിക്കുന്നുണ്ട്. അതോടൊപ്പം ഓരോ വാർഷിക ആഘോഷത്തിലും മൈത്രി നൽകികൊണ്ടിരിക്കുന്ന ജിദ്ദ സമൂഹത്തിലെ കലാ, സാംസകാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകി വരുന്ന വ്യക്തിത്വങ്ങൾക്കുള്ള ആദരവ് ആഘോഷ വേദിയിൽ വെച്ച് നൽകപ്പെടും. മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജീവ കാരുണ്യം), ഡോക്ടർ വിനീത പിള്ള (ആരോഗ്യം), സന്തോഷ് ജി നായർ (കലാ സാംസ്കാരികം), നജീബ് വെഞ്ഞാറമൂട് (കലാ, സാംസ്കാരികം) എന്നിവരാണ് ഇത്തവണത്തെ അവർഡിന് അർഹരായത്
മുൻകാലങ്ങളിൽ ജിദ്ദ സമൂഹം മൈത്രിക്ക് നൽകിവന്ന സഹകരണം, മൈത്രീയം 24‘ നും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും നൽകി സഹകരിക്കണമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു
പ്രസിഡന്റ് ബഷീർ അലി പരുത്തികുന്നൻ, ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു


