01
Jul 2024
Mon
01 Jul 2024 Mon
RSS-backed student organization behind the Kolkata strike

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകുന്നിനുള്ള വിലക്ക് നീക്കി മോദി സര്‍ക്കാര്‍. 1966ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ജൂലൈ ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പിന്‍വലിച്ചത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ആദ്യം അധികാരത്തില്‍ വന്നപ്പോഴും നരേന്ദ്ര മോദി രണ്ടുതവണ പ്രധാനമന്ത്രിയായപ്പോഴും നീക്കാതിരുന്ന വിലക്കാണ് 58 വര്‍ഷത്തിന് ശേഷം നീക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായതോടെ ആര്‍.എസ്.എസിനെ അനുനയിപ്പിക്കാനാണ് ഈ നീക്കമെന്ന് കരുതുന്നവരുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിലക്ക് നീക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവര്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധി വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസിനു മേല്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നല്‍കിയതോടെ നിരോധനം നീക്കി. ഇതിന് ശേഷവും നാഗ്പൂരില്‍ ആര്‍.എസ്.എസ് ദേശീയ പതാക പറത്തിയിട്ടില്ല. ബ്യൂറോക്രസിക്ക് ഇപ്പോള്‍ നിക്കറിലും വരാന്‍ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് ആര്‍.എസ്.എസ് പ്രതികരിച്ചു.

58 വര്‍ഷം മുമ്പ് നടപ്പാക്കിയ ഭരണഘടന വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും ഇത് സ്വാഗതാര്‍ഹമാണെന്നുമായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.