|
അഹമ്മദാബാദ്: ഗുജറാത്തില്‍ 65 കാരിയുടെ താലിമാല കവര്‍ന്ന കേസില്‍ മധ്യപ്രദേശിലെ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ വിജേന്ദ്ര സിങ് ചന്ത്രാവതിന്റെ മകന്‍ പ്രദ്യുമന്‍ (25) അറസ്റ്റില്‍. ജനുവരി 25ന് അഹമ്മദാബാദില്‍വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ക്ഷേത്രത്തില്‍നിന്ന് മടങ്ങിവരികയായിരുന്ന സ്ത്രീയുടെ മാലയാണ് പ്രതി തട്ടിപ്പറിച്ച് ഓടിയത്. അന്വേഷണത്തിനൊടുവില്‍ ആറാമത്തെ ദിവസമാണ് പ്രതി പിടിയിലായത്. പൊലിസ് ചോദ്യംചെയ്തപ്പോഴാണ് ഇയാളുടെ കുടുംബവിവരങ്ങള്‍ പുറത്തറിഞ്ഞത്. 1.25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണത്താലിയും ഇത് പൊട്ടിക്കാനുപയോഗിച്ച കട്ടറും പിന്നീട് പ്രതിയില്‍നിന്ന് പൊലിസ് കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രദ്യുമന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കാമുകിയുമായുള്ള വിവാഹ ബന്ധത്തിന് പണം കണ്ടെത്തുന്നതിനായാണ് കൃത്യംനിര്‍വഹിച്ചതെന്നുമാണ് പൊലിസ് പറഞ്ഞത്. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ മലഹേര ഗ്രാമത്തില്‍ നിന്നുള്ള പ്രദ്യുമന്‍ ഏതാനും മുമ്പാണ് മാതാപിതാക്കളുടെ വീട് വിട്ട് അഹമ്മദാബാദിലേക്ക് താമസം മാറിയത്. അവിടെ പ്രതിമാസം 15,000 രൂപ സമ്പാദിക്കുന്ന ജോലി ചെയ്തുവരുകയായിരുന്നു.





