22
Feb 2025
Sun
22 Feb 2025 Sun
chalakkudy bank robbery

തൃശൂര്‍: പട്ടാപ്പകല്‍ വെറും കത്തി കാട്ടി മോഷണം. അതും പ്രധാനപ്പെട്ട ഒരു ബാങ്കില്‍ നിന്ന്. (Chalakkudy bank robbery: Police enquiry followup) മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പും വാലുമില്ലാതെ പോലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്രയും ദിവസമായിട്ടും പോലീസിന് ആകെ കിട്ടിയ പിടിവള്ളി മോഷ്ടാവ് സഞ്ചരിച്ച ടിവിഎസ് എന്‍ടോര്‍ക്ക് സ്‌കൂട്ടറാണ്. എന്നാല്‍ ഈ ബ്രാന്‍ഡില്‍പ്പെട്ട സ്‌കൂട്ടര്‍ തൃശൂര്‍ ജില്ലയില്‍ മാത്രം പതിനായിരത്തിലേറെയാണ്. അതുവച്ചു പ്രതിയെ തപ്പുക എന്നത് വലിയ യത്‌നമാണ്.

എങ്കിലും ആകെയുള്ള തുമ്പ് എന്ന നിലയില്‍ ജില്ലയില്‍ എന്‍ടോര്‍ക്ക് സ്‌കൂട്ടറുളളവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച് പട്ടിക തയ്യാറാക്കിയിരിക്കുയാണ് പോലീസ്.

ALSO READ: ഉറങ്ങിക്കിടന്ന വീട്ടമ്മാരുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍; ഒരേ സമയം നിരവധി വീടുകളില്‍ കവര്‍ച്ച; കുറുവാ സംഘമെന്ന് സൂചന

പട്ടാപ്പകല്‍ വെറുമൊരു കത്തി കാണിച്ച് മൂന്ന് മിനിറ്റുകൊണ്ട് കവര്‍ച്ച നടത്തിയ കവര്‍ച്ച പോലീസിനെ ആകെ നട്ടംതിരിക്കുകയാണ്. നട്ടുച്ച സമയത്ത് ആണ് മോഷ്ടാവ് എത്തിയത്, ഈ സമയം ബാങ്ക് പരിസരം വിജനമായിരുന്നു.

47 ലക്ഷത്തില്‍ നിന്ന് 15 ലക്ഷം മാത്രം എടുത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഏറ്റവും വലിയ ദുരൂഹത ഉയര്‍ത്തുന്നത്. മുന്‍ പരിചയമില്ലാത്ത ആള്‍ക്ക് മൂന്ന് മിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയവുമുണ്ട്. മോഷണത്തിന് ശേഷം പ്രതി എങ്ങോട്ടു പോയി എന്നതിനും ഇതുവരെ തുമ്പൊന്നുമില്ല.

ബാങ്കില്‍ നിന്ന് ഇറങ്ങിയ മോഷ്ടാവ് ചാലക്കുടി ടൗണ്‍ ഭാഗത്തേക്ക് ആണ് പോയത്, ഇതിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന ഊര്‍ജിതപ്പെടുത്തിയിരുന്നു.

എന്നാല്‍ അവിടങ്ങളിലേക്ക് പ്രതി എത്തിയിട്ടില്ലെന്ന് രാത്രി വൈകിയാണ് പൊലീസ് തിരിച്ചറിഞ്ഞത്. മോഷണം നടന്ന ബാങ്കിന് രണ്ടു കിലോമീറ്റര്‍ അകലെയുളള സുന്ദരക്കവലയില്‍ വെച്ചാണ് മോഷ്ടാവ് അപ്രത്യക്ഷനായത്.

അവിടെ നിന്ന് ചെറുറോഡുകള്‍ വഴി കൊടുങ്ങല്ലൂരിലേക്ക് കടക്കാവുന്നതാണ്, പ്രതി തൃശൂരിലേക്ക് എത്തിയതായും സംശയിക്കുന്നുണ്ട്.

മോഷ്ടാവ് കൊച്ചിയിലേക്ക് കടന്നിട്ടുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്ന് പ്രധാന പാതകളിലൊക്കെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. വിവിധ ജില്ലകളില്‍ പരിശോധന നടക്കുന്നുണ്ട്. ഇയാള്‍ സംസ്ഥാനം വിട്ടുവെന്ന സംശയവുമുണ്ട്. എന്നാല്‍, ഏത് വഴി? എങ്ങിനെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പോലീസിന് ഉത്തരമില്ല.

25 ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കവര്‍ച്ചയെ തുടര്‍ന്ന് ഫെഡറല്‍ ബാങ്കിന് സുരക്ഷ കൂട്ടിയിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.

വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. ബാങ്കിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്.

ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്ത് പണം കവരുകയായിരുന്നു. ഇതെല്ലാം മൂന്ന് മിനിറ്റ് കൊണ്ടു കഴിഞ്ഞു എന്നതാണ് അമ്പരപ്പിക്കുന്നത്.