ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയുടെ ചുവരുകളില്‍ കടുത്ത ജാതീയത വെളിവാക്കുന്ന ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍. (“Chamar-Dalit Quit India, Brahmin-RSS Zindabad”; Students protest against slogans on JNU University hostel walls) ചമറുകള്‍ ഇന്ത്യ വിടുക, ദലിതുകള്‍ ഇന്ത്യ വിടുക, ബ്രാഹ്‌മിണ്‍-ബനിയ സിന്ദാബാദ്, ഹിന്ദു-ആര്‍എസ്എസ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജെഎന്‍യു യൂനിവേഴ്‌സിറ്റിയിലെ കാവേരി ഹോസ്റ്റലിന്റെ ചുവരുകളില്‍ എഴുതി വച്ചിരുന്നത്. ഇതിനെതിരേ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥി യൂനിയന്‍ കാംപസില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.
|
കാവേരി ഹോസ്റ്റലില്‍ ഉണ്ടായ സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ജെഎന്‍എസ്‌യു പ്രസിഡന്റ് ധനഞ്ജയ് പറഞ്ഞു. ”രാജ്യത്ത് അധികാരത്തിലുള്ള അതേ ശക്തികള്‍ ജെഎന്‍യു കാംപസിലുമുണ്ട്. പിന്നാക്കവിഭാഗങ്ങളെയും മുസ്ലിംകളെയും വനിതകളെയും കാംപസില്‍ നിന്ന് ഒഴിവാക്കാനാണ് അവരുടെ ശ്രമം. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നതോ പഠിക്കുന്നതോ അവര്‍ക്കിഷ്ടമില്ല. എന്നാല്‍, ജെഎന്‍യു നാം ഒരുമിച്ച് രൂപീകരിച്ചതാണ്. അത് എപ്പോഴും തുല്യതയുടെയും തുല്യപദവിയുടെയും കേന്ദ്രമായിരിക്കും. ഈ ശക്തികള്‍ക്കെതിരായ നമ്മുടെ പോരാട്ടം തുടരും”- അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ധനഞ്ജയ് ദലിത് വിദ്യാര്‍ത്ഥിയാണ്.

ജൂലൈ 20ന് ആണ് ഹോസ്റ്റലിന്റെ ചുവരുകളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥ മതക്കാരും സമുദായങ്ങളും പഠിക്കുന്ന കാംപസാണിതെന്ന് കാവേരി ഹോസ്റ്റല്‍ കമ്മിറ്റി അംഗമായ അബ്ദുല്‍ കലാം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സാമൂഹിക സൗഹാര്‍ദ്ദത്തിന് തുരങ്കം വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ കാംപസില്‍ എത്തുമ്പോഴേക്കും അധികൃതര്‍ വിവാദ മുദ്രാവാക്യങ്ങള്‍ പെയിന്റ് ചെയ്ത് മായ്ച്ചിരുന്നു. മുദ്രാവാക്യം എഴുതിയവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് വ്യക്തമാക്കിയുള്ള സീനിയര്‍ വാര്‍ഡന്റെ നോട്ടീസും ഹോസ്റ്റലില്‍ പതിച്ചിട്ടുണ്ട്.
കാംപസില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യത്തേതല്ലെന്ന് വിദ്യാര്‍ത്ഥി നേതാവ് സ്വാതി പറഞ്ഞു. ഈയിടെ പരശുറാം ജയന്തിയോടനുബന്ധിച്ച് എബിവിപി പുറത്തിറക്കിയ ഒരു നോട്ടീസ് തുടങ്ങുന്നത് ‘ഞങ്ങള്‍ ജെഎന്‍യുവിലെ ബ്രാഹ്‌മണര്‍’ എന്ന് പറഞ്ഞു കൊണ്ടാണ്. കാംപസില്‍ വിദ്യാര്‍ത്ഥികളെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ശ്രമമാണിതെന്ന് സ്വാതി ചൂണ്ടിക്കാട്ടി. യൂനിവേഴ്‌സിറ്റി മതിലുകളില്‍ സമാന മുദ്രാവാക്യങ്ങള്‍ നേരത്തേയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിന്റെ ചുവരിലെഴുതിയ പ്രകോപന മുദ്രാവാക്യം വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.





