ഇസ്തംബൂൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടത്തിലും മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. ഫൈനലിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ട്രിപിൾ കിരീടം നേടുന്ന ആദ്യ പ്രീമിയർ ലീഗ് ടീമാകാനും മാഞ്ചസ്റ്റർ സിറ്റിക്കായി. നേരത്തെ പ്രീമിയർ ലീഗ് കിരീടവും എഫ്.എ കപ്പും സിറ്റി സ്വന്തമാക്കിയിരുന്നു.
|
കളിയുടെ 68-ാം മിനിറ്റിൽ മധ്യനിരതാരം റോഡ്രിഗോയാണ് നിർണായക ഗോൾ നേടിയത്. മാഞ്ചെസ്റ്റർ സിറ്റിയെ 3-2-4-1 ശൈലിയിലാണ് പരിശീലകൻ പെപ്പ് ഗാർഡിയോള ഇറക്കിയത്. മറുവശത്ത് 3-5-2 ശൈലിയിൽ ഇന്റർമിലാൻ കളിച്ചു.
ആദ്യപകുതിയിൽ ഇരുടീമുകളും മികച്ചപോരാട്ടം കാഴ്ച്ചവെച്ചു. സിറ്റിയുടെ പെരുമയെ ഭയക്കാതെ ഇന്റർ കളിച്ചതോടെ പന്ത് ഇരുഭാഗത്തേക്കും കയറിയിറങ്ങി. പന്ത് കൈവശം വെക്കുന്നതിൽ സിറ്റി ആധിപത്യം നേടിയെങ്കിലും ഇന്റർ മികച്ച മുന്നേറ്റങ്ങൾ സംഘടപ്പിച്ചു. അതിനിടെക്ക് പരിക്കേറ്റ കെവിൻ ഡിബ്രുയ്‌ന് പകരം ഫിൽ ഫോഡനെ സിറ്റി ഇറക്കി. രണ്ടാം പകുതിയിൽ സിറ്റി ആക്രമണം ശക്തമാക്കി. 68-ാം മിനിറ്റിൽ അതിന് ഫലമുണ്ടായി. ബെർണാഡ് സിൽവ ബോക്‌സിനുള്ളിൽ നിന്ന് പുറകിലേക്ക് നൽകിയ പാസ്സിൽ റോഡ്രിയുടെ വെടിച്ചില്ല് ഷോട്ട് ഇന്ററിന്റെ വല തുളച്ചു. കൂടുതൽ ഗോളിനായി സിറ്റിയും സമനിലഗോളിനായി ഇന്ററും അധ്വാനിച്ചുകളിച്ചെങ്കിലും ഫലമുണ്ടായില്ല. ഒറ്റഗോളിൽ കളി അവസാനിച്ചു.
സൂപ്പർ താരം ഡിബ്രൂയിൻ പരിക്ക് പറ്റി 35-ാം മിനുറ്റിൽ കളംവിട്ടതും ആദ്യ പകുതിയിൽ സിറ്റിക്ക് തിരിച്ചടിയായി.
Champions of Europe, you made us sing that! 🫶#ManCity | #UCLfinal pic.twitter.com/2CevTDN3UT
— Manchester City (@ManCity) June 10, 2023


