30
Sep 2023
Sun
30 Sep 2023 Sun

ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; രണ്ടാഴ്ച റിമാന്‍ഡില്‍; ആന്ധ്രയില്‍ നാളെ ബന്ദ്, നിരോധനാജ്ഞ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമരാവതി: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിക്കുകയും രണ്ടാഴ്ച റിമാന്‍ഡില്‍ വിടുകയും ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത സംഘര്‍ഷ സാഹചര്യം. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ചന്ദ്രബാബു നായിഡുവിനെ രാജമണ്ട്രി ജയിലിലേക്ക് മാറ്റി. വിജയവാഡ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചത്. അഴിമതി കേസിന്റെ ഗൂഢാലോചനയില്‍ നായിഡുവിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന നായിഡുവിന്റെ വാദം കോടതി തള്ളി. 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡില്‍ അയച്ചു. ഈ മാസം 23 വരെ അദ്ദേഹം ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരും.

അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ ആന്ധ്രാപ്രദേശില്‍ സംസ്ഥാന വ്യാപക ബന്ദ്. ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം തള്ളിയതിനു പിന്നാലെയാണ് ടിഡിപി ബന്ദിന് ആഹ്വാനം ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ബന്ദിന് പിന്തുണ നല്‍കണമെന്ന് ടിഡിപി സംസ്ഥാന പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടം ചേരരുതെന്നും ആയുധങ്ങള്‍ കൈവശംവെക്കരുതെന്നും പൊലീസ് ജനങ്ങളോട് പറഞ്ഞു.

371 കോടി രൂപയുടെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കുംഭകോണ കേസില്‍ നിര്‍ണായക പങ്കുവഹിച്ചതിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് (സിഐഡി) ചന്ദ്രബാബുവിനെ ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. കേസില്‍ സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 240 (വഞ്ചന), 465 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്.

2014 മുതല്‍ 2019 വരെ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ, എപിഎസ്എസ്ഡിസി പ്രോജക്റ്റിനായി ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഭീമനായ സീമെന്‍സുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സംയുക്തമായി ആറ് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സീമെന്‍സിനെ ചുമതലപ്പെടുത്തി. സീമന്‍സ് പദ്ധതിയിലേക്ക് ഫണ്ടൊന്നും നിക്ഷേപിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി 371 കോടി രൂപ അനുവദിച്ചു.