റായ്പൂര്‍: ഛത്തീസ്ഡ് സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെയും വാക്ക് പാഴായി. അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
|
എന്‍ഐഎ കോടതിയിലാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഒരുകാരണവശാലും പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്ന കേസാണിത്. തെളിവുകള്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധിപറയാന്‍ നാളത്തേക്കു മാറ്റി.
കോടതികളില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിന് ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഛത്തീസ്ഗഡ് സര്‍ക്കാരും ഇന്ന് കോടതിയില്‍ പ്രയോഗിച്ചത്.
ALSO READ: കന്യാസ്ത്രീകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും; അമിത് ഷായുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കുടുംബം
കോടതി നടപടികള്‍ ആരംഭിച്ചയുടന്‍ കന്യാസ്ത്രീകള്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സെഷന്‍സ് കോടതിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഇത് അംഗീകരിച്ചികൊണ്ടാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതും എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതും. ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകള്‍ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.
ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറാകാതെയാണ് ബജ്‌റംഗ്ദള്‍ സമ്മര്‍ദ്ദത്തില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയായിരുന്നു.


