അഹമ്മദാബാദ്: എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സോ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസോ? ആരായിരിക്കും 16 മത് ഐപിഎൽ വിജയികളെന്ന് ഇന്നറിയാം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30ന് ഫൈനൽ തുടങ്ങും.
|
കഴിഞ്ഞ തവണ ആദ്യ സീസണിൽ തന്നെ കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസ്, കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. മികച്ച പ്രകടനത്തോടെ ഇത്തവണ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫിൽ കടന്നത്. എന്നാൽ ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് പരാജയപ്പെട്ടതിനാൽ രണ്ടാം ക്വാളിഫയറിൽ മുംബൈയെ തകർത്താണ് ഗുജറാത്ത് കലാശക്കളിക്ക് യോഗ്യത നേടിയത്.
കഴിഞ്ഞ കളിയിലെ തോൽവിക്ക് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം കൂടി ഹാർദിക് പാണ്ഡ്യക്കും കൂട്ടർക്കുമുണ്ട്. ഈ സീസണിന്റെ ഉദ്ഘാടന മത്സരത്തിലും ഗുജറാത്തും ചെന്നൈയുമാണ് ഏറ്റുമുട്ടിയത്. ഒരു സീസണിൽ ആദ്യമത്സരത്തിലും ഫൈനലിലും ഒരേ ടീമുകൾ തന്നെ ഏറ്റുമുട്ടുന്നതും ഇതാദ്യമായാണ്.
സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗില്ലിന്റെ അപാര ഫോമാണ് ഗുജറാത്തിന്റെ കരുത്ത്. ഈ സീസണിൽ മൂന്ന് സെഞ്ച്വറി അടക്കം 851 റൺസാണ് ഗിൽ ഇതുവരെ നേടിയത്. റൺനേട്ടത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഗിൽ ഏതാണ്ട് ഉറപ്പിച്ചു. റൺവേട്ടക്കാരിൽ ചെന്നൈയുടെ ഡെവൺ കോൺവെയാണ് രണ്ടാം സ്ഥാനത്ത്. 625 റൺസാണ് കോൺവെക്കുള്ളത്.
വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ തേവാട്ടിയ, റാഷിദ് ഖാൻ എന്നിവരുടെ മികവും ബാറ്റിങ്ങിന് ആഴം വർധിപ്പിക്കുന്നു. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, ജോഷ് ലിറ്റിൽ എന്നിവരടങ്ങിയ ബൗളിങ് നിരയും സന്തുലിതമാണ്.
അഞ്ചാം കിരീടം തേടിയാണ് ചെന്നൈ ഇറങ്ങുന്നത്. ചെന്നൈ ക്യാപ്റ്റൻ ധോനിയുടെ 11ാം ഐപിഎൽ ഫൈനലാണിത്. 10 തവണയാണ് ധോനിക്ക് കീഴിൽ ചെന്നൈ ഫൈനൽ കളിക്കുന്നത്. ഡെവൺ കോൺവെയും ഋതുരാജ് ഗെയ്ക് വാദും ചേർന്ന ഓപ്പണിങ്ങും കരുത്തുറ്റതാണ്. ഈ സീസണിലെ ഏറ്റവും ശക്തമായ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇവരുടേത്. അജിൻക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡി, രവീന്ദ്ര ജഡേജ, ധോനി എന്നിവരുടെ ബാറ്റിങ് മികവും ചെന്നൈയ്ക്ക് കരുത്തു പകരുന്നു. ദീപക് ചാഹർ, മോയിൻ അലി, രവീന്ദ്ര ജഡേജ, തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരണ, മഹീഷ് തീക്ഷണ തുടങ്ങിയവർ ബൗളിങ് വിഭാഗത്തെ നയിക്കുന്നു.
കിരീടം നേടിയാൽ ധോനിയുടെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്. ധോണിയുടെ നായകമികവ് തന്നെയാണ് ചെന്നൈയുടെ തുരുപ്പുചീട്ട്.


