കൊച്ചി: സൈബറിടത്തില്‍ തനിക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ നടി ഹണി റോസിനെ വിളിച്ച് മുഖ്യമന്ത്രി പണറായി വിജയന്‍. ഇന്നലെയാണ് നടിയെ വിളിച്ചത്. പരാതിയില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി നടി അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. കുടുംബത്തിന് ഉണ്ടായ പ്രയാസങ്ങളും പറഞ്ഞു. നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും നടി പറഞ്ഞു.
|
അതേസമയം, ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്ത വാര്‍ത്തയില്‍ നടി സന്തോഷം അറിയിച്ചു. ലൈംഗിക അധിക്ഷേപ പരാതിയില്‍ വേഗത്തില്‍ നടപടി വന്നത് ഏറെ ആശ്വാസകരമെന്ന് ഹണി റോസ് അറിയിച്ചു. ആര്‍ക്കും എന്തും പറയാമെന്നതിന് മാറ്റം വരുമെന്നുറപ്പായി. ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.
‘എന്നെ സംബന്ധിച്ച് എനിക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പൊലീസും ഉള്ള ഒരു സംസ്ഥാനത്താണ് ജീവിക്കുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതു കൊണ്ടാണ് യുദ്ധത്തിന് ഇറങ്ങി തിരിച്ചത്. തുടര്‍ച്ചയായി സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ആവര്‍ത്തിക്കരുത്, ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞിട്ടും ഇതിലും മോശമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ്. ഇത് പണത്തിന്റെ ഹുങ്ക് ആണ്, വെല്ലുവിളിയാണെന്ന് എനിക്ക് തോന്നി. അപ്പോഴാണ് എല്ലാത്തിനും ഒരു അവസാനം വേണം എന്ന് തീരുമാനിച്ചത്. അതുകൊണ്ടാണ് ഒരു യുദ്ധത്തിനായി ഇറങ്ങാമെന്ന് തീരുമാനിച്ചതെന്നും ഹണി റോസ് പറഞ്ഞു.
കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്. ഇപ്പോള്‍ എന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിന്റെ കമന്റ് സെക്ഷന്‍ കാണുമ്പോള്‍ സന്തോഷമാകുന്നു എന്നാണ് ആരാധകര്‍ ഇപ്പോള്‍ വിളിച്ചു പറയുന്നത്. ഇത് ഒരു മാറ്റമായി കാണുന്നു. സ്വകാര്യത സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്’ ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ വ്യവസായി ബോബി ചെമ്മണൂരിനെതിരെ പരാതി നല്‍കിയ ഹണി റോസിനെ പിന്തുണച്ച് നടി സീമ ജി നായര്‍ രംഗത്തുവന്നു. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം പെരുമാറാം എന്ന ചിന്ത ഇനിയും മാറിയിട്ടില്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതുന്നെങ്കില്‍ അത് തെറ്റാണ്. എത്ര വലിയവന്‍ ആണെങ്കിലും സ്വന്തം തെറ്റുകള്‍ തിരുത്തണമെന്ന് സീമ ജി നായര്‍ കുറിച്ചു.
‘സ്ത്രീയെ സ്ത്രീയായി അറിയുന്നവര്‍ക്ക്, സ്ത്രീയെ സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കുന്നവര്‍ക്ക്, അവള്‍ തണലും തുണയും ആവുന്നു. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം, പെരുമാറാം ആ ചിന്തകള്‍ ഇനിയും മാറിയിട്ടില്ലെങ്കില്‍, എന്തൊക്കെ ഉണ്ടായിട്ട് എന്താകാര്യം?. പണം എല്ലാത്തിനും പരിഹാരം അല്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ അത് തെറ്റ്. എത്ര വലിയവന്‍ ആണേലും സ്വന്തം തെറ്റുകള്‍ തിരുത്തുക.”–സീമ ജി നായര്‍ കുറിച്ചു.
Chief Minister calls Honey Rose, assures strong action


