വയനാട് ചൂരൽമലയിലെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ വീണ്ടും ഉരുൾപൊട്ടിയതായി സംശയം. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. അതിനിടെ ഉരുൾപൊട്ടലിൽ മരണം 84 ആയി ഉയർന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
|
സർക്കാരിൻ്റെ അഭ്യർഥന പ്രകാരം മീററ്റ് ആർവിസിയിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് കൂടി വയനാട്ടിലെത്തും. നേവിയുടെ 50 അംഗ സംഘവും രക്ഷാപ്രവർത്തനത്തിനായി ഉടൻ വയനാട്ടിൽ എത്തും.
Chooralmala Landslide Live| ചൂരല്‍മലയിലെ പള്ളിയും മദ്രസയും താല്‍ക്കാലിക ആശുപത്രി| മരണം 64
കല്‍പ്പറ്റ: 60ലധികം പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മലയില്‍ ഇരകളെ ചികിത്സിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി പള്ളിയിലും മദ്രസയിലും താല്‍ക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നു. ആരോഗ്യമന്ത്രി വീണാജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനകം ദുരന്തത്തില്‍ 64 ഓളം പേരാണ് മരിച്ചത്. ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണിത്. എഴുപതോളം പേര്‍ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈയില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായിട്ടില്ല. ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അവിടുത്തെ വിവരങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പിന്നീട് പുലര്‍ച്ചെ 4.10 ഓടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായതായും റിപ്പോര്‍ട്ട്. നിരവധിയാളുകള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ബാണാസുരസാഗര്‍ ഡാം: ഷട്ടറുകള്‍ ഉച്ചയോടെ തുറക്കും
ബാണാസുരസാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ തുറക്കും. ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ ഉച്ചക്ക് 12.30 ഓടെ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. മൂന്നാമത്തെ ഷട്ടര്‍ ഉച്ചക്ക് ഒരു മണിയോടെ 10 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തീരദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
നദികളില്‍ ജലനിരപ്പ് ഉയരുന്നു
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കാളിയാര്‍ (കലംപുര്‍ സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോള്‍ സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍) എന്നിവിടങ്ങളിലാണു കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), ചാലക്കുടി (അരങ്ങാലി സ്റ്റേഷന്‍), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (പെരുവമ്പടം സ്റ്റേഷന്‍), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജലാശയങ്ങളുടെ തീരത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പാലക്കാട് ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം
കാലവര്‍ഷം കനത്തതിനെത്തുടര്‍ന്നു മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ കലക്ടര്‍ മുഴുവന്‍സമയ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള യാത്രകള്‍ക്ക് ഇന്നു (ജൂലൈ 30) മുതല്‍ ആഗസ്റ്റ് രണ്ടു വരെ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം ഇന്നു മുതല്‍ ഓഗസ്റ്റ് രണ്ടു വരെ പൂര്‍ണ്ണമായും നിരോധിച്ചു.
ഭക്ഷ്യ വകുപ്പ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും
വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ജീവന്‍ നഷ്ടമായവരുടെ വേര്‍പാടില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താന്‍ പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റേഷന്‍കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെയും സമീപജില്ലകളിലെയും സപ്ലൈകോഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം അടിയന്തര നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍
ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായതായി വനംവന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വയനാട്
94479 79075 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് വയനാട്)
91884 07545 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, സൗത്ത് വയനാട്)
91884 07544 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നോര്‍ത്ത് വയനാട്)
9447979070 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍)
നിലമ്പൂര്‍
91884 07537 (എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍, നിലമ്പൂര്‍ സൗത്ത്)
94479 79065 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് നിലമ്പൂര്‍)
94479 79060 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍)
മന്ത്രിമാരുടെ സംഘം വയനാട്ടില്‍
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജന്‍, പി.എ മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു എന്നിവരാണ് വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തിയത്. ഇവിടെനിന്നാണ് വയനാട്ടിലെത്തിയത്.
രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ്
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പും അടിയന്തരമായി എത്തും. സൈന്യത്തിന്റെ മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എന്‍ജിനിയറിങ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.
മുണ്ടക്കൈ ദുരന്തം: ചൂരല്‍മലയില്‍ കണ്‍ട്രോള്‍ റൂം
ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈ ചൂരല്‍മലയില്‍ താലൂക്ക്തല ഐ.ആര്‍എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ഡെപ്യൂട്ടി കളക്ടര്‍ 8547616025, തഹസില്‍ദാര്‍ വൈത്തിരി – 8547616601, കല്‍പ്പറ്റ ജോയിന്റ് ബി. ഡി. ഒ ഓഫീസ് – 9961289892, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ 9383405093, അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ 9447350688.
പി.ആര്‍.ഡി. മീഡിയ കണ്‍ട്രോള്‍ റൂം
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നു. വയനാട്ടില്‍ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സര്‍ക്കാരില്‍നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണു മീഡിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
വയനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഡിയുടെ കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ. പത്മനാഭന്‍, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പി.ആര്‍.ഡിയുടെ അസിസ്റ്റന്റ് എഡിറ്റര്‍മാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കണ്‍ട്രോള്‍ റൂമിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും. 04936202529 ആണ് വയനാട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍.
സെക്രട്ടേറിയറ്റിലെ പി.ആര്‍.ഡി. പ്രസ് റിലീസ് വിഭാഗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമില്‍നിന്ന് സംസ്ഥാനതലത്തിലുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അറിയിപ്പുകളുടേയും ഏകോപനം നിര്‍വഹിക്കും. നമ്പര്‍: 0471 2327628, 2518637.


