80 പേരെ രക്ഷിച്ചു; NDRF സംഘം മുണ്ടക്കൈയില്‍ | Chooralmala Landslide Live Updates
|
കല്‍പറ്റ: വയനാട്ടിലുണ്ടായ ദുരന്തമേഖലയില്‍നിന്ന് 80ലേരെ പേരെ രക്ഷിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തനിവാരണസേന (NDRF) സംഘം മുണ്ടക്കൈയില്‍ എത്തി. ഉച്ചയോടെ കൂടുതല്‍ സംഘങ്ങള്‍ എത്തും. മൃതദേഹങ്ങള്‍ മേപ്പാടി പി.എച്ച്.സിയിലാണുള്ളതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പരിക്കേറ്റവരെ വിംസ് ആശുപത്രിയിലും എത്തിച്ചു.
രാവിലെ എട്ടരയോടെ എന്‍.ഡി.ആര്‍.എഫിന്റെ രക്ഷാസംഘം സുല്‍ത്താന്‍ ബത്തേരിയിലെത്തി. ഹെലികോപ്ടര്‍ മാര്‍ഗമാണു സംഘം എത്തിയത്. കല്‍പറ്റയില്‍ വെള്ളം കയറിയതുകൊണ്ടാണ് ബത്തേരിയില്‍ ഇറങ്ങിയതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു: എത്തിയതില്‍ കുഞ്ഞിന്റയും പുരുഷന്റെയും ശരീര ഭാഗങ്ങളും
ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും.എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.
Chooralmala Landslide Live Updates


