29
Aug 2023
Sat
29 Aug 2023 Sat

അറസ്റ്റിലായ പോക്‌സോ പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, വ്യാജ കേസ് ചമച്ചു; CI ജയസനിലിനെ പിരിച്ചുവിട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെ മുന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍. ജയസനിലിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. റിസോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ വ്യാജ കേസ് ചമച്ചതിനും ഗുരുതര അച്ചടക്കലംഘനത്തിനുമാണ് നടപടി. കസ്റ്റഡിയിലെടുത്ത പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്‌റ്റേറ്റ് െ്രെകം ബ്രാഞ്ചിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പിരിച്ചുവിടാനുള്ള ഉത്തരവ് വന്നത്.

ജയസനില്‍ നിലവില്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലാണ്. പോക്‌സോ കേസില്‍ പ്രതിയായ 27 വയസ്സുകാരനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനില്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്. പീഡനത്തിന് ഇരയായ വിവരം യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു.

പരാതിയുമായി യുവാവ് രംഗത്തെത്തിയതോടെയാണ് അന്വേഷണവിധേയമായി സി.ഐയെ സസ്‌പെന്‍ഡ് ചെയ്തത്.