ലോകകപ്പിനുള്ള ‘ഡ്രസ് റിഹേഴ്‌സല്‍’; ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
|
മൊഹാലി: ഇന്ത്യയും ഓസ്ട്രലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യ തന്നെ വേദായാകുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമാണ് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഈ പരമ്പര. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 24ന് ഇന്‍ഡോറിലും 27ന് രാജ്‌കോട്ടിലുമാണ് പരമ്പരയിലെ അടുത്ത രണ്ടു മത്സരങ്ങള്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ച ആദ്യ രണ്ടു മത്സരത്തിലും രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുക. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍ അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിനു പുറമേ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ആദ്യ രണ്ടു മത്സരങ്ങള്‍ക്കില്ല. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ഇവര്‍ മൂവരും ടീമില്‍ തിരിച്ചെത്തും.
പാറ്റ് കമിന്‍സിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീം ഏകദിന ലോകകപ്പിനുള്ള അതേ സ്‌ക്വാഡുമായാണ് പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചെങ്കിലും അന്തിമ ടീം ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഇനിയും സമയം ഉള്ളതിനാല്‍ ഫൈനല്‍ സ്‌ക്വാഡിലേക്കുള്ള അവസാന ഘട്ട സെലക്ഷന്‍ ട്രയല്‍സിനു കൂടി പരമ്പര വേദിയാകും.
പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യര്‍ക്കും ഏകദിനത്തില്‍ ഫോം കണ്ടെത്താനാകാതെ വലയുന്ന സൂര്യകുമാര്‍ യാദവിനും ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ നിര്‍ണായകമാണ് ഈ പരമ്പര. ഇന്ത്യന്‍ ടീമിന്റെ റിസര്‍വ് ശക്തി പരീക്ഷിക്കപ്പെടുന്ന മത്സരങ്ങളാണ് ആദ്യത്തെ രണ്ടെണ്ണവും.
ടീം (ആദ്യ രണ്ട് ഏകദിനം): കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.
അവസാന ഏകദിനം: രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.


