കൊച്ചി: വാഹനാപകടത്തില്‍ അന്തരിച്ച കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഞെട്ടിക്കുന്ന മരണ വാർത്ത കേട്ടാണ് ഇന്ന് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് എന്ന് സഹപ്രവര്‍ത്തകന്‍ ഉല്ലാസ് പന്തളം പറഞ്ഞു. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും ജൂണ്‍ ഒന്നിന് ഒരു ഷൂട്ടിങ്ങിനായി തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നെന്നും ഉല്ലാസ് പറഞ്ഞു.
|
സുധിയും സംഘവും പങ്കെടുത്ത പരിപാടിയില്‍ താനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്. കൊറോണയ്ക്ക് ശേഷം തങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നതായും സഹപ്രവര്‍ത്തകനായ ഉല്ലാസ് പറയുന്നു.
‘സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹം. കഴിഞ്ഞ ഷൂട്ടില്‍ ഒന്നിച്ച് കൂടിയപ്പോള്‍ എന്‍റെ ജന്മദിനമായിരുന്നു. അന്ന് ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. ഒരു വീട് വയ്ക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അന്ന് സുധി കരഞ്ഞിരുന്നു. പരിപാടികള്‍ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണ്‍ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും ഞാനും അന്ന് പറഞ്ഞിരുന്നു’- ഉല്ലാസ് ഓര്‍ക്കുന്നു.
ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. സഹപ്രവർത്തകരായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





