പത്തനംതിട്ട: ക്ഷേത്രോത്സവത്തിൽ ആർഎസ്എസ്സിന്റെ ഗണഗീതം പാടിയത് സംഘർഷത്തിനിടയാക്കി. തിരുവല്ല വള്ളംകുളം നന്നൂർ ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിലാണ് ആർഎസ്എസിന്റെ ഗണഗീതം പാടിയത്. ‘നമസ്‌കരിപ്പു ഭാരതമങ്ങേ’ എന്നു തുടങ്ങുന്ന ആർഎസ്എസ് ഗാനം പാടിയ ഗായകരോട് വിപ്ലവഗാനമായ ‘ബലികുടീരങ്ങളേ’ കൂടി പാടണം എന്നാവശ്യപ്പെട്ടതാണ് സംഘർഷത്തിനിടയാക്കിയത്.
|
കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആലപ്പുഴ ക്ലാപ്‌സിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളക്കിടയായിരുന്നു സംഭവം. ഗാനമേള അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കി നിൽക്കെയാണ് ആർഎസ്എസ് ഗാനമായ ‘നമസ്‌കരിപ്പു ഭാരതമങ്ങേ’ ആലപിച്ചത്. പിന്നാലെ ‘ബലികുടീരങ്ങളെ’ പാടണം എന്നാവശ്യപ്പെട്ട് ഒരു സംഘം വേദിക്ക് മുന്നിലെത്തി. ഈ സമയം കമ്മിറ്റി ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തി. ഇതോടെ ബഹളക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ‘ബലികുടീരങ്ങളെ’ പാടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞതായും തിരുവല്ല സ്റ്റേഷനിൽ നിന്നും എത്തിയ എസ്‌ഐ ഉൾപ്പടെ പത്തോളം പൊലീസുകാർ കാഴ്ചക്കാരായി നിന്നുവെന്നും ആരോപണമുണ്ട്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ക്ഷേത്ര പരിപാടി ഉദ്ഘാടനം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ എത്തുന്നതിൽ ചില പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിർപ്പ് ഉണ്ടായിരുന്നുവത്രെ. ക്ഷേത്ര കമ്മറ്റിയുടെ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.





