മുഖ്യമന്ത്രി പദത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നടക്കുന്ന പോര് തെരുവിലേക്ക്. കൊച്ചി നഗരത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫീസിന്റെ എതിര്‍വശത്താണ് വി ഡി സതീശനെതിരെ രൂക്ഷമായി വിമര്‍ശിക്കുന്ന ഫ്‌ളക്‌സ് സ്ഥാപിച്ചത്.
|
പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്‌ളക്‌സില്‍ പറയുന്നു. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസി കര്‍ശന വിലക്ക് പ്രഖ്യാപിച്ചെങ്കിലും പോരിന് ശമനമില്ലെന്നാണ് സൂചന. മുഖ്യമന്ത്രി പോരിലെ എതിര്‍പ്പ് എല്ലാ നേതാക്കളെയും എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിളിച്ചറിയിച്ചു. ഏറ്റുമുട്ടലില്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.
അതിനിടെ, സതീശന് അനുകൂലമായി ലീഗീനുള്ളില്‍ അഭിപ്രായം ഉയര്‍ന്നതായി വാര്‍ത്ത വന്നതില്‍ കോണ്‍ഗ്രസിലെ മറു ചേരികള്‍ നീരസം പ്രകടിപ്പിച്ചു. വിലക്കിനിടയിലും ചെന്നിത്തലയെ അനുകൂലിച്ച ഇംഗ്ലീഷ് ദിന പത്രത്തില്‍ പരസ്യം വന്നിരുന്നു. പിന്നാലെ സതീശനായി ഫ്‌ളക്‌സ് ഉയര്‍ന്നു. കെസി പക്ഷവും നീക്കം തുടരുന്നു. വിലക്ക് വരേണ്ടത് മാധ്യമങ്ങള്‍ക്കെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിന് മാധ്യമങ്ങളെ പഴിക്കുകയാണ് കെപിസിസി പ്രസിഡന്റ്
അതേ സമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പക്ഷം പിടിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് സൂചിപ്പിച്ചു. മുഖ്യമന്ത്രി തീരുമാനം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു . കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഘടക കക്ഷികള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തെ എല്ലാവരും അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു





