27
Feb 2023
Thu
27 Feb 2023 Thu

​ഗുവാഹത്തി: കോൺ​ഗ്രസ് നേതാവ് പവൻ ഖേര അറസ്റ്റിൽ. അദാനിയുമായുള്ള ബന്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ​നരേന്ദ്ര ഗൗതം ദാസ് മോദി എന്ന പരിഹാസ പരാമർശത്തിന്റെ പേരിൽ അസം പൊലീസിന്റേതാണ് നടപടി. പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ നിന്ന് റായ്പൂരിലേക്ക് പോയ പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷമായിരുന്നു അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡൽഹിയിൽ ഇൻഡി​ഗോ വിമാനത്തിൽ നിന്ന് ഇറക്കിച്ച ശേഷമാണ് ഖേരയെ അറസ്റ്റ് ചെയ്തത്. അസം പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് ഖേര റായ്പൂരിലേക്ക് പോവുന്നത് തടഞ്ഞതെന്ന് ഇൻഡി​ഗോ വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാൻ എയർപോർട്ട് പൊലീസും അസം പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.

പവൻ ഖേരയ്‌ക്കെതിരെ അസമിലെ ദിമ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഖേരയ്‌ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് എം.പിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ധർണ നടത്തി. ദേശീയ വക്താവ് രൺദീപ് സുർജേവാല ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ സുർജേവാലയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

“അദ്ദേഹത്തിന്റെ യാത്രകൾ നിയന്ത്രിക്കാനും നിശബ്ദനാക്കാനും ഒരു ദുർബലമായ എഫ്‌ഐആർ ഉപയോഗിക്കുന്നത് ലജ്ജാകരവും അസ്വീകാര്യവുമാണ്. പാർട്ടി മുഴുവനും ഖേരയോടൊപ്പമുണ്ട്- കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞദിവസമാണ് പവൻ ഖേര മോദിക്കെതിരെ പരിഹാസ പരാമർശം നടത്തിയത്.

ഓഹരി തട്ടിപ്പിൽ അദാനിക്കെതിരായ ഹിൻഡ‍ൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു വിമർശനം. ഇതിനെതിരെ ബിജെപി രം​ഗത്തുവരികയും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. സോണിയാ​ഗാന്ധിയുടെ വസതിക്ക് മുന്നിലുൾപ്പെടെ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ പവൻ ഖേരയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.