27
Mar 2024
Fri
27 Mar 2024 Fri
A moitheen kunji

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന കാലു മാറ്റങ്ങള്‍ ജനങ്ങള്‍ക്ക് ചിരിക്ക് വക നല്‍കുന്നു. സ്ഥാനം മോഹിച്ചും ഇഡിയെ പേടിച്ചും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കാലുമാറ്റം പതിവ് കാഴ്ച്ചയാണെങ്കിലും പോയ നേതാവ് ഒറ്റ ദിവസം കൊണ്ട് തിരിച്ചെത്തിയത് കൗതുകമായി. ( congress leader return bakck to party from BJP )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് രസകരമായ സംഭവം. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മടിക്കൈ മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ മൊയ്തീന്‍ കുഞ്ഞിയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മാതൃ സംഘടനയിലേക്കു തിരിച്ചെത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമ്മര്‍ദ്ദം ചെലുത്തിയാണ് മൊയ്തീന്‍ കുഞ്ഞിയെ മടക്കി കൊണ്ടു വന്നത്.

നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഷാള്‍ അണിയിച്ച് മൊയ്തീന്‍ കുഞ്ഞിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു.

കഴിഞ്ഞ ദിവസം വരെ കാസര്‍കോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്ന മൊയ്തീന്‍ കുഞ്ഞി ബിജെപിയിലേക്ക് പോയത് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമായിരുന്നു. കോണ്‍ഗ്രസിന്റെ സമരാഗ്നിയാത്രയ്ക്ക് ഫണ്ട് പിരിച്ചുനല്‍കിയില്ലെന്ന കാരണത്തില്‍ ഒരു മാസം മുമ്പ്് മൊയ്തീന്‍ കുഞ്ഞിയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിലുള്ള നീരസമാണ് കാലുമാറ്റത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.

സ്ഥാനമോഹം കൊണ്ടാണ് മൊയ്തീന്‍ കുഞ്ഞി പാര്‍ട്ടി വിട്ടതെന്നും അദ്ദേഹത്തിന് നേരത്തേ മുതല്‍ കോണ്‍ഗ്രസിനോട് ആത്മാര്‍ത്ഥത ഇല്ലെന്നും ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഇതിനോട് പ്രതികരിച്ചിരുന്നു. അതേ ഫൈസല്‍ തന്നെ ഇന്ന് മൊയ്തീന്‍ കുഞ്ഞിയെ ഷാളണിയിച്ച് സ്വീകരിച്ചതും പൊതുജനങ്ങള്‍ക്ക കൗതുകമായി.