30
Dec 2023
Thu
30 Dec 2023 Thu

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നേതാക്കളാരും പങ്കെടുക്കരുത്; കെ മുരളീധരന്‍ AICCക്ക് കത്ത് നല്‍കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി നേതാക്കളാരും പങ്കെടുക്കരുതെന്നാണ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന നേതാവുമായ കെ മുരളീധരന്‍ എഐസിസിക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ നിലപാട് ഇതാണെന്നും AICC സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് നല്‍കിയ കത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സിപിഐയും കാണിക്കുന്നതുപോലെ കോണ്‍ഗ്രസിന് കാണിക്കാന്‍ പറ്റില്ല. അതു രണ്ടും വിശ്വാസമില്ലാത്തവരുടെ പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. എല്ലാവരുടേയും വികാരങ്ങള്‍ മാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സ്വീകരിച്ചിരുന്നു. സോണിയയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കെ മുരളീധരന്‍ AICC നേതൃത്വത്തിന് കത്തയച്ചത്.

രാമക്ഷേത്ര പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രചാരണത്തിന് അയോധ്യ ആയുധമാക്കുന്ന ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെതെന്നുമാണ് ഈ വിഭാഗത്തിന്റെ നിലപാട്. ജനുവരി 22 നാണ് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടികള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.