കോൺഗ്രസ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നാമനിർദേശ പത്രികസമർപ്പിക്കുന്നതിന് ഇന്നു മുതൽ തുടക്കം. സപ്തംബർ 30 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്ത്, ശശി തരൂർ എംപി തുടങ്ങിയവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലേക്ക് ഉയർന്നുകേട്ട പേരുകൾ. ഒക്ടോബർ 19നാണ് അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.
|
നിരവധി പിസിസികൾ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാവണമെന്ന് ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇരട്ടപദവി പ്രസിഡന്റ് സ്ഥാനത്തിന് പറ്റില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ മാത്രമേ അശോക് ഗെഹ് ലോത്തിനും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മോഹിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി.
1998ൽ സീതാരാമൻ കേസരിക്കു പകരം സോണിയാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിനു ശേഷം കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാൾ പാർട്ടി അധ്യക്ഷനാവുന്നത് എന്ന പ്രത്യേകത ഇത്തവണയുണ്ട്.
തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറായ മധുസൂദനൻ മിസ്ത്രിയാണ് കോൺഗ്രസ് ആസ്ഥാനത്ത് നാമനിർദേശ പത്രികകൾ സ്വീകരിക്കുക. 9000ത്തിലേറെ പേർക്കാണ് വോട്ടവകാശം ഉള്ളതെന്ന് മിസ്ത്രി നേരത്തേ അറിയിച്ചിരുന്നു. 10 പ്രതിനിധികളുടെ പിന്തുണയോടെ ആർക്കും കോൺഗ്രസ് പ്രസിഡന്റാവാൻ മൽസരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.



