ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ അതി ഗുരുതര ആരോപണങ്ങളുന്നയിച്ച് കോൺഗ്രസ് രംഗത്ത്. വിഡിയോ ചിത്രീകരണം മുതല്‍ സംസ്ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന പ്രകടനായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ദൂരദര്‍ശന് മാത്രമായിരുന്നു ചിത്രീകരണത്തിന് അനുമതി.
|
എന്നാല് സിങിന്‍റെ കുടുംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചു കൊണ്ടിരുന്നതെന്നും മുന്‍ നിരയില്‍ മൂന്ന് സീറ്റ് മത്രം നൽകിയതിനാൽ സിംഗിൻ്റെ മൂന്ന് പെൺമക്കൾ പോലും മുനിരയിൽ സീറ്റ് ലഭിച്ചില്ലെന്നും ഉൾപ്പെടെയുള്ള ആരോപണം ആണ് കോൺഗ്രസ് ഉയർത്തിയത്. ഉന്നതനായ ഒരു രാഷ്ട്രതന്ത്രജ്ഞനോടുള്ള അപമാനകരമായ പെരുമാറ്റം സർക്കാറിന്‍റെ മുൻഗണനകളെയും ജനാധിപത്യ മൂല്യങ്ങളോടുള്ള ബഹുമാനമില്ലായ്മയെയും തുറന്നുകാട്ടുന്നുവെന്നും ഇത്തരം നാണംകെട്ട കാഴ്ചയല്ല വേണ്ടതെന്നും മൻമോഹൻ സിങ് മാന്യത അർഹിക്കുന്നുവെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
പ്രധാന ആരോപണങ്ങൾ ഇങ്ങനെ:
* ദേശീയ പതാക മന്‍മോഹന്‍ സിങിന്‍റെ വിധവക്ക് കൈമാറിയപ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ല. ഭൂട്ടാന്‍ രാജാവ് പോലും എഴുന്നേറ്റപ്പോഴും മോദി ഇരുന്നു.
* മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തിന് മുൻനിരയിൽ മൂന്ന് കസേരകൾ മാത്രമാണ് ക്രമീകരിച്ചത്. മുൻ പ്രധാനമന്ത്രിയുടെ പെൺമക്കൾക്കും മറ്റ് അടുത്ത കുടുംബാംഗങ്ങൾക്കും ഇരിക്കാനായില്ല.
* പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തി.
* ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യാൻ അനുവദിച്ചില്ല. മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തെ കവർ ചെയ്യുന്നത് ദൂരദർശൻ കുറച്ചു മോദിയിലും അമിത് ഷായിലും കേന്ദ്രീകരിച്ചു.
* സൈനികർ ഒരുവശം കൈവശം വച്ചതിനാൽ കുടുംബാംഗത്തിന് ചിതക്ക് ചുറ്റും സ്ഥലം ലഭിച്ചില്ല.
* അമിത് ഷായുടെ വാഹനവ്യൂഹം ശവസംസ്കാര വിലാപയാത്ര തടസപ്പെടുത്തി.
* കുടുംബാംഗങ്ങളുടെ കാറുകൾ പുറത്തു നിർത്തേണ്ടി വന്നു. ഗേറ്റ് അടച്ചതിനാൽ കുടുംബാംഗങ്ങളെ കണ്ടെത്തി സംസ്കാര സ്ഥലത്ത് എത്തിക്കുകയായിരുന്നു.
* അന്ത്യകർമങ്ങൾ നിർവഹിക്കുന്ന കൊച്ചുമക്കൾക്ക് ചിതക്ക് സമീപത്തെത്താൻ സൗകര്യമില്ലായിരുന്നു.
* മൃതദേഹം സംസ്കരിച്ച സ്ഥലം മുഴുവനും ഇടുങ്ങിയതും മോശമായി ക്രമീകരിച്ചതുമായിരുന്നു. വിലാപയാത്രയിൽ പങ്കെടുത്ത പലർക്കും ഇവിടെ സ്ഥലം നൽകിയില്ല.
Congress with charge sheet against centre on Manmohan Singh’s funeral





