അറ്റ്ലാന്റ: കോപ്പ അമേരിക്കയില്‍ വിജയത്തോടെ വരവറിയിച്ച് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. ( Copa America 2024: Argentina VS Canda match report ) താരതമ്യേന ദുര്‍ബലരായ കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസും അര്‍ജന്റീനയ്ക്ക് വേണ്ടി വലകുലുക്കി. ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ പരമാവധി പൊരുതിയെങ്കിലും അര്‍ജന്റീനിയുടെ പരിചയ സമ്പത്തിന് മുന്നില്‍ വീഴുകയായിരുന്നു. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങളാണ് തുലച്ചത്.
|
നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. പന്തടക്കത്തിലും ആക്രമണത്തിലും പലപ്പോഴും മുന്നിട്ടുനിന്ന കാനഡയുടെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ ഗോള്‍ തൊടുക്കാന്‍ അര്‍ജന്റീനയ്ക്കു രണ്ടാം പകുതി വരെ കാക്കേണ്ടി വന്നു. 9-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചിരുന്നു. കാനഡയുടെ കോര്‍ണറിനൊടുക്കം ലഭിച്ച പന്തുമായി മുന്നേറിയ ഡി മരിയയ്ക്ക് പക്ഷേ അവസരം മുതലാക്കാനായില്ല. ഡി മരിയയുടെ ഷോട്ട് കാനഡ ഗോള്‍കീപ്പര്‍ സേവ് ചെയ്തു.
മെസ്സിയും ഡി മരിയയും വലതുവിങ്ങില്‍ നിന്ന് ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ അര്‍ജന്റീനയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മറുവശത്ത് കാനഡ അര്‍ജന്റീനയുടെ നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കുകയും അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയും ചെയ്തു. 39-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ ഹെഡര്‍ കനേഡിയന്‍ ഗോളി മാക്സിം ക്രപ്യു തട്ടിയകറ്റി. 42-ാം മിനിറ്റില്‍ കാനഡ അര്‍ജന്റൈന്‍ ഗോള്‍മുഖം വിറപ്പിച്ചു. ഗോളെന്നുറച്ച സ്റ്റെഫാന്‍ എസ്റ്റക്യുവിന്റെ ഹെഡര്‍ ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. റീബൗണ്ടില്‍ അല്‍ഫോണ്‍സോ ഡേവിസ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബാറിന് പുറത്തുപോയി.
ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ അവസരം നഷ്ടപ്പെടുത്തിയ ജൂലിയന്‍ അല്‍വാരസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും മെസ്സി നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തി. 88-ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ മാര്‍ട്ടിനസ് വലകുലുക്കി. ഏകപക്ഷീയമായി ലോകചാംപ്യന്മാര്‍ക്കു വിജയം.


