ബംഗളൂരു: സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായി മാസങ്ങളായിട്ടും പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിക്ക് പിതാവിനെ കാണാന്‍ നാട്ടിലെത്താനാകുന്നില്ല. ബംഗളൂരു സിറ്റി പോലീസ് യാത്രാ ചെലവിനത്തില്‍ കടുംപിടുത്തം തുടരുന്നതാണ് മഅ്ദനിക്ക് വിനയായത്. കേരളത്തിലേക്കുള്ള യാത്രയ്ക്കായി 20 സുരക്ഷാ ഉദ്യോഗസ്ഥരുടെ ശമ്പളം, ഭക്ഷണം, ബത്ത, താമസം, വിമാനയാത്രാക്കൂലി തുടങ്ങിയവ ചേര്‍ത്ത് 60 ലക്ഷത്തോളം രൂപ അടയ്ക്കണമെന്ന നിബന്ധനയാണ് പോലീസ് മുന്നോട്ടുവച്ചത്. ഇതില്‍ ഇളവുവരുത്തണമെന്ന മഅ്ദനിയുടെ അപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. ഇതോടെ പോലീസില്‍ അപേക്ഷ നല്‍കിയെങ്കിലും അവരും അനുകൂല നിലപാടെടുത്തില്ല. കര്‍ണാടകയില്‍ ഭരണമാറ്റമുണ്ടായതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഅ്ദനിയും കുടുംബവും പിഡിപി പ്രവര്‍ത്തകരും.
|
അകമ്പടി പോകുന്ന പൊലിസുകാര്‍ക്ക് ശമ്പളത്തിന്റെ ഇരട്ടിയിലധികം കൊടുക്കണമെന്ന വിചിത്രമായ നിര്‍ദേശമാണ് സിറ്റി പൊലിസ് നല്‍കിയത്. നിലവില്‍ മഅ്ദനി താമസിക്കുന്ന ബംഗളൂരുവിലെ വീട്ടില്‍ ഒരു പൊലിസുകാരന് മാത്രമാണ് സുരക്ഷാ ചുമതലയിലുള്ളത്. കോടതി ആവശ്യങ്ങള്‍ക്കോ ആശുപത്രിയിലേക്കോ പോകുമ്പോള്‍ ഒരു പൊലിസുകാരന് മാത്രം ഒപ്പമുണ്ടാകുന്നിടത്ത്, കേരളത്തിലേക്ക് വരുമ്പോള്‍ ഇത്രയും വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലെ വൈരുദ്ധ്യം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഇത്രയും ഭീമമായ തുക കൊടുത്ത് നാട്ടില്‍ പോവേണ്ടതില്ലെന്നാണ് മഅ്ദനിയുടെ നിലപാട്. ജൂലൈ 10വരെയാണ് കേരളത്തില്‍ പോകാനായി മഅ്ദനിക്ക് സുപ്രിം കോടതി അനുമതി നല്‍കിയത്. മരണാസന്നനായി കിടക്കുന്ന പിതാവിനെ കാണാനും തനിക്കുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളില്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅ്ദനിക്ക് സുപ്രിം കോടതി യാത്രാനുമതി നല്‍കിയത്. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഇദ്ദേഹം തലയിലെ രക്തക്കുഴലുമായി ബന്ധപ്പെട്ട അസുഖത്തിന് വിദഗ്ധ ചികിത്സ വേണമെന്നും മഅ്ദനി അഭ്യര്‍ഥിച്ചിരുന്നു. യാത്രാചെലവുമായി ബന്ധപ്പെട്ട് പൊലിസ് പുനഃപരിശോധനയ്ക്ക് തയാറാകാത്ത പക്ഷം മഅ്ദനിയുടെ യാത്ര മുടങ്ങുമെന്ന് ഏറെക്കുറേ ഉറപ്പാണ്.
യാത്രാ ചെലവിനങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ അക്കാര്യം പ്രത്യേകമായി പരിശോധിക്കണമെന്നാണ് സിറ്റി പൊലിസ് കേന്ദ്രങ്ങള്‍ പറയുന്നത്. ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലിസ് സംഘം കേരളം സന്ദര്‍ശിച്ച ശേഷമാണ് ചെലവ് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിര്‍ദേശം മഅ്ദനിക്ക് നല്‍കിയതെന്നും പൊലിസ് പറയുന്നു. ഈ തുക കുറയ്ക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി കര്‍ണാടക ഭീകരവരുദ്ധ സെല്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ തുക നല്‍കാനുള്ള നിര്‍വാഹമില്ലെന്നാണ് മഅ്ദനിയുടെ കുടുംബം കര്‍ണാടക പൊലിസിനെ അറിയിച്ചത്.
ബംഗളൂരു സിറ്റി പോലീസിന്റെ നിലപാടില്‍ അയവുവരുത്താനുള്ള ഇടപെടല്‍ നടത്തണമെന്ന് ഭരണ നേതൃത്വത്തോട് ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് അറിയുന്നത്.
അതേസമയം, നിലവില്‍ കോണ്‍ഗ്രസ് ഭരണത്തിലുല്ള കര്‍ണാടകയില്‍ പോലീസ് നടപടികള്‍ക്കെതിരേ കേരളത്തിലെ ഭരണ-പ്രതിപക്ഷം ഇടപെടാത്തതും ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ അധിക യാത്രാചെലവ് കുറക്കാനാവുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതോടൊപ്പം കര്‍ണാടകയില്‍ ഭരണമാറ്റമുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും മഅ്ദനിക്ക് നീതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്താമായിരുന്നു എന്ന വാദവുമുണ്ട്.
ബംഗളൂരു സ്ഫോടനക്കേസില്‍ 22 ാം പ്രതിയായി വിചാരണ നേരിടുന്ന മഅ്ദനിക്ക് 2014 ലാണ് ജാമ്യം ലഭിച്ചത്. നാലുമാസം കൊണ്ട് വേഗം വിചാരണ നടത്തി തീരുമാനം ആക്കണമെന്ന് കോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടെങ്കിലും ഒമ്പത് വര്‍ഷമായിട്ടും കേസ് ഇഴഞ്ഞുനീങ്ങുകയാണ്.





