27
Mar 2023
Thu
27 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുരയിലും നാഗാലാന്‍ഡിലും ആദ്യ ഫലം ബി.ജെ.പിക്ക് അുകൂലമാണ്. മേഘാലയയില്‍ എന്‍.പി.പിക്കാണ് അനുകൂലം.

മൂന്നിടത്തും 60 സീറ്റുകളാണുള്ളത്. ത്രിപുരയില്‍ ബി.ജെ.പി 26 ഇടത്താണ് മുന്നില്‍. നാഗാലാന്‍ഡില്‍ ബി.ജെ.പിയും എന്‍.ഡി.പി.പിയും അടങ്ങുന്ന സഖ്യം 21 ഇടത്തും മുന്നിലാണ്. എന്നാല്‍ മേഘാലയയില്‍ എന്‍.പി.പി 12 ഇടത്ത് മുന്നിലാണ്. തൃണമൂല്‍ ആറിടത്തും ബി.ജെ.പി അഞ്ചും കോണ്‍ഗ്രസ് നീലുസീറ്റിലും ഇവിടെ ലീഡ് ചെയ്യുന്നു.

ത്രിപുരയില്‍ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വര്‍ഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നത്.

60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.

ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, കോണ്‍റാഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നു. 2018ല്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു.

നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ല്‍ സംസ്ഥാനത്തെ 60 സീറ്റുകളില്‍ 12ലും വിജയിച്ച ബിജെപി എന്‍ഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാര്‍ പ്രകാരം എന്‍ഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്.