സിപിഐഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ കെ എംഷാജഹാന് ജാമ്യം. കേസെടുത്ത് മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത് എങ്ങനെയെന്നും കോടതി ആരാഞ്ഞു. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലീസ് പറയുന്ന ലൈംഗികചുവയുള്ള കാര്യങ്ങളൊന്നും ഷാജഹാന്റെ വീഡിയോയില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
|
വെള്ളിയാഴ്ച രാത്രിയിലാണ് തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടില്‍ നിന്ന് ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ അറസ്റ്റ് ചെയ്തത്. ആലുവ റൂറല്‍ സൈബര്‍ സ്റ്റേഷനിലെത്തിച്ച ഷാജഹാനെ ഇന്നു വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ആലുവ റൂറല്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യവും കോടതി ഉയര്‍ത്തി. കെ ജെ ഷൈനിന്റെ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ചെങ്ങമനാട് സിഐ ഉണ്ടെന്നായിരുന്നു ഇതിന് പ്രോസിക്യൂഷന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇതിന്റെ ഉത്തരവ് ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി.
കേസെടുത്ത് വെറും മൂന്നു മണിക്കൂറിനുള്ളില്‍ എങ്ങനെയാണ് പോലീസ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്തെ ഷാജഹാന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിനു വ്യക്തമായ മറുപടി നല്‍കാന്‍ പോലീസിനായില്ല. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ മാത്രമാണ് വീഡിയോയിലുള്ളതെന്ന് ഷാജഹാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ഷാജഹാന്‍ പരാതിക്കാരിയെ പൊതുസമൂഹത്തിനു മുന്നില്‍ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും നിരന്തരമായി ചെയ്യുന്നു. ഇത് ഗുരുതരമായ കുറ്റമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
തുടര്‍ന്ന് വീഡിയോ കണ്ട കോടതി വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചു. റിമാന്‍ഡ് റിപോര്‍ട്ടിലുള്ള ലൈംഗിക പരാമര്‍ശങ്ങളൊന്നും വീഡിയോയില്‍ ഇല്ലല്ലോയെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ആരാഞ്ഞു. ഇതിനും പ്രോസിക്യൂഷനു മറുപടിയില്ലായിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ALSO READ: തിളച്ച പാലില്‍ വീണ് ഒന്നരവയസ്സുകാരി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





