പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യെ നിരോധിച്ചതിനെതിരായി നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി വധി പറയാന്‍ മാറ്റി. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഞ്ചുവര്‍ഷത്തെ നിരോധനം ശരിവെച്ച യു.എ.പി.എ. ട്രൈബ്യൂണലിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് പി.എഫ്.ഐ ഹരജി നല്‍കിയത്.
|
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭരണഘടനയുടെ 226, 227 വകുപ്പുകള്‍ പ്രകാരം ഹൈക്കോടതിക്ക് ഈ അപ്പീല്‍ പരിഗണിക്കാന്‍ അധികാരമുണ്ടോ, അതോ ഭരണഘടനയുടെ 136-ാം വകുപ്പ് പ്രകാരം സുപ്രീം കോടതിയെ നേരിട്ട് സമീപിക്കണമോ എന്നതിലാണ് വാദം നടന്നത്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) എസ്.വി. രാജു, ഹരജിയുടെ സാധുതയെ ശക്തമായി എതിര്‍ത്തു. ഒരു ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയാണ് യു.എ.പി.എ. ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയത്. അതുകൊണ്ടുതന്നെ അതിന്റെ തീരുമാനം അതേ കോടതിയിലെ മറ്റൊരു ബെഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. അത്തരമൊരു ഹരജി സുപ്രീം കോടതിയിലാണ് നല്‍കേണ്ടതെന്നും എ.എസ്.ജി. രാജു പറഞ്ഞു.
ALSO READ: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹരജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം
‘ഹൈക്കോടതിയിലെ ഒരു സിറ്റിങ് ജഡ്ജിയാണ് സംഘടനയ്ക്കുള്ള നിരോധനം ശരിവെച്ചത്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഈ ഹരജി നിലനില്‍ക്കുക?’ എ.എസ്.ജി. രാജു വാദത്തിനിടെ ചോദിച്ചു. ട്രൈബ്യൂണലിന്റെ അധികാരം കീഴ്‌ക്കോടതികളുടെ പരിധിയില്‍ വരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ നിയമപരമായ പരിശോധനയ്ക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എന്നാല്‍, പിഎഫ്‌ഐ അഭിഭാഷകന്‍ മുന്‍ വിധികള്‍ ഉദ്ധരിച്ച് ഹരജി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ വിധി ചൂണ്ടിക്കാട്ടി, 226-ാം വകുപ്പ് പ്രകാരമുള്ള റിട്ടില്‍ അധികാരപരിധി ബാധകമാണെന്ന് അദ്ദേഹം വാദിച്ചു.
സുപ്രീം കോടതി ഹരജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഹരജിയുടെ സാധുതയെക്കുറിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ലെന്നും, അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം, ഹരജിയുടെ സാധുതയെക്കുറിച്ചുള്ള ഉത്തരവ് കോടതി വിധി പറയാനായി മാറ്റി.
ഭീകരവാദ പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതിലും പങ്കുണ്ടെന്ന് ആരോപിച്ച് 2022 സപ്തംബറില്‍ ആണ് കേന്ദ്രം പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള യു.എ.പി.എ. ട്രൈബ്യൂണല്‍ 2024 മാര്‍ച്ചില്‍ ഈ നിരോധനം ശരിവെച്ചു.
നിരോധനത്തിന് പിന്നാലെ പി.എഫ്.ഐയുമായി ബന്ധമുണ്ടെന്ന് കരുതുന്ന 150-ലധികം പേരെ രാജ്യത്തുടനീളം കസ്റ്റഡിയിലെടുത്തിരുന്നു.
English Summary
The Delhi High Court has reserved its decision on whether to entertain a petition filed by the Popular Front of India (PFI) challenging the UAPA Tribunal’s decision to uphold the five-year ban imposed by the Central Government. The central point of contention in the hearing, led by Chief Justice Devendra Kumar Upadhyay and Justice Tushar Rao Gedela, was whether the High Court has jurisdiction to review a decision made by a tribunal headed by a sitting High Court judge.


