|
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച് കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍. ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞാണ് ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര കോടതി വധശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിത്. പ്രായത്തിന്റെ പരിഗണന പ്രതി അര്‍ഹിക്കുന്നില്ല. അത്രയ്ക്കും ഹീനമായ കൃത്യമാണ് ഗ്രീഷ്മ നടത്തിയത്. ഷാരോണ്‍ ആന്തരികാവയവങ്ങള്‍ അഴുകി ദൂരണമായാണ് മരിച്ചത്. പ്രകോപനമില്ലാത്ത കൊലപാതകമാണിതെന്നും വിധി പുറപ്പെടുവിക്കും മുമ്പ് നടത്തിയ നിരീക്ഷണങ്ങളില്‍ കോടതി ചൂണ്ടിക്കാട്ടി. ഗ്രീഷ്മയെ ഇന്റലിജന്റ് ക്രിമിനല്‍ എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അതിനാലാണ് വധശിക്ഷ തന്നെ നല്‍കിയതെന്നുമുള്ള നിരീക്ഷണവും കോടതി നടത്തി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നാണ് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഗ്രീഷ്മയുടേത് വിശ്വാസവഞ്ചനയാണ്. മരണക്കിടക്കയില്‍വച്ചും, മരിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലും ഗ്രീഷ്മയെ ഷാരോണ്‍ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. പ്രണയത്തിന്റെ ആഴമാണ് ഇതു വ്യക്തമാക്കുന്നതെന്നും ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും പ്രതിയുടെ കുറ്റകൃത്യം മാത്രമാണ് നോക്കുന്നതെന്നും ജഡ്ജി പറഞ്ഞു.
11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ ഷാരോണ്‍ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചിരുന്നു. വാവേ എന്നാണ് ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുന്നത്. സ്‌നഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമം തുടര്‍ന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷവും ഷാരോണുമായി ഗ്രീഷ്മ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞെന്നും കോടതി പ്രസ്താവിച്ചു. ഷാരോണ്‍ റെക്കോര്‍ഡ് ചെയ്ത ജ്യൂസ് ചാലഞ്ച് ദൈവത്തിന്റെ കൈയൊപ്പുള്ള തെളിവാണെന്ന് കോടതി വിലയിരുത്തി.
ഒക്ടോബര്‍ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൊലപ്പെടുത്താന്‍ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. പ്രതിയെ ഷാരോണ്‍ മര്‍ദ്ദിച്ചതിന് തെളിവില്ല. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച പ്രതിയുടെ കൗശലം വിജയിച്ചില്ല. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയതെന്നും കോടതി വ്യക്തമാക്കി.
നേരത്തെ നയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. ഷാരോണിന്റെ കാമുകിയായ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷാവിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി. ജഡ്ജിയാണ് മൂവരെയും കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്. കേസിലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല.
വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനം പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്.
പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കാമുകന് നല്‍കിയതെന്നാണ് കണ്ടെത്തല്‍.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിര്‍മ്മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ തന്റെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
വര്‍ഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ അമ്മയ്ക്കും അമ്മാവനും ഒപ്പം കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു.
തുടര്‍ന്നാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഇതേത്തുടര്‍ന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. ഫൊറന്‍സിക് ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
Court sentences accused girlfriend Greeshma to death penalty


